യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കി, യാത്രക്കാരിൽ വെന്റിലേറ്റർ രോഗിയും
|ദമ്മാമിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ശ്രീലങ്കൻ എയറാണ് റദ്ദാക്കിയത്
യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ രാത്രി ദമ്മാമിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രീലങ്കൻ എയർ ലൈൻസിന്റെ യാത്ര മുടങ്ങി. വെന്റിലേറ്റർ രോഗിയുൾപ്പെടെ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനമാണ് രാത്രി വൈകി റദ്ദാക്കിയത്.
സൗദി സമയം രാത്രി 10:40ന് ദമ്മാമിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന യു.എൽ 264 ശ്രീലങ്കൻ എയലൈൻസാണ് രാത്രി വൈകി യാത്ര റദ്ദാക്കിയത്. യാന്ത്ര തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കുന്നതായി വിമാന കമ്പനി അതികൃതർ യാത്രക്കാരെ അറിയിക്കുകയായിരുന്നു. വെന്റിലേറ്റർ രോഗിയുൾപ്പെടെയുള്ള യാത്രക്കാർക്ക് ബോർഡിങ് നൽകി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് യാത്ര റദ്ദാക്കിയത്.
തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രാത്രി വൈകിയും ഫലം കണ്ടില്ല. ശേഷം പുലർച്ചെ രണ്ട് മണിയോടെയാണ് യാത്രക്കാരെയും രോഗിയെയും വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചത്. വെന്റിലേറ്റർ രോഗിയായ ശിഹാബുദ്ധീൻ ഹംസയെ വീണ്ടും ആശുപത്രി ഐ.സി.യു വിലേക്ക് മാറ്റി. യാത്രക്കാരെ ഹോട്ടലുകളിലേക്കും മാറ്റി താമസിപ്പിച്ചു. വിമാനത്തിന്റെ തകരാറ് പരിഹരിക്കപ്പെടുന്ന പക്ഷം ഇന്ന് യാത്ര റീ ഷെഡ്യൂൾ ചെയ്യുമെന്ന് വിമാന കമ്പനി അതികൃതർ അറിയിച്ചിട്ടുണ്ട്.