Saudi Arabia
ഫ്യൂച്ചർ ഓഫ് ഏവിയേഷൻ സമ്മേളനത്തിന് റിയാദിൽ നാളെ തുടക്കമാകും
Saudi Arabia

ഫ്യൂച്ചർ ഓഫ് ഏവിയേഷൻ സമ്മേളനത്തിന് റിയാദിൽ നാളെ തുടക്കമാകും

Web Desk
|
19 May 2024 6:31 PM GMT

120ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും

റിയാദ്: ഫ്യൂച്ചർ ഓഫ് ഏവിയേഷൻ സമ്മേളനത്തിന് റിയാദിൽ നാളെ തുടക്കമാകും. 120ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിൽ വ്യോമയാന മേഖലയിലെ എഴുപതിലധികം കരാറുകൾ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.

റിയാദിലെ റിറ്റ്‌സ് കാൾട്ടണിൽ വെച്ചാണ് ഫ്യൂച്ചർ ഓഫ് ഏവിയേഷൻ സമ്മേളനം. സൗദി ഗതാഗത മന്ത്രി പരിപാടിക്ക് തുടക്കം കുറിക്കും. സൗദി രാജാവിന്റെ മേൽനോട്ടത്തിലാണ് സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും, വ്യോമയാന വിദഗ്ധരും സമ്മേളനത്തിനെത്തും. എയർലൈനുകളുടെയും, വിമാനത്താവളങ്ങളുടെയും പ്രസിഡന്റുമാർ, വിമാന നിർമാതാക്കളുടെ സി.ഇ.ഒമാർ എന്നിവരും പങ്കെടുക്കും.

നാളെ മുതൽ ബുധനാഴ്ച വരെയാണ് സമ്മേളനം. ലോകത്തുടനീളം വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുക, കൂടുതൽ രാജ്യങ്ങളിലേക്ക് വിമാന സർവീസ് വ്യാപിക്കുക എന്നിവ സമ്മേളനത്തിന്റെ ലക്ഷ്യത്തിലുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി 12 ബില്യൺ ഡോളർ മൂല്യമുള്ള 70 ലധികം കരാറുകളിൽ ഒപ്പുവെക്കും. എയർപോർട്ട് അവാർഡുകളുടെ വിതരണം, എയർപോർട്ട് കൗൺസിൽ ഇന്റനാഷണൽ വാർഷിക ജനറൽ അസംബ്ലി, വിദഗ്ധരുടെ പ്രഭാഷണങ്ങൾ എന്നിവയും ഉണ്ടാകും. നൂറ് ബില്യണിലേറെ നിക്ഷേപ മൂല്യമുള്ള സൗദിയിലെ വ്യോമയാന രംഗത്തെ അവസരങ്ങളും സമ്മേളനത്തിൽ പരിചയപ്പെടുത്തും.


Similar Posts