ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി
|ആദ്യ ദിനം വിവിധ മന്ത്രാലയങ്ങളുമായി പതിനഞ്ചിലേറെ കരാറുകളിൽ ഒപ്പുവെച്ചു
റിയാദ്: ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. ആദ്യ ദിനം പതിനഞ്ചിലേറെ കരാറുകളാണ് വിവിധ മന്ത്രാലയങ്ങളുമായി ഒപ്പുവെച്ചത്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുവ്വായിരത്തിലേറെ പേരാണ് ആദ്യ ദിനം എത്തിയത്. നൂറ്റി അമ്പതോളം സെഷനുകളിലായി 400 പേർ പരിപാടിയിൽ സംസാരിക്കുന്നുണ്ട്. മീഡിയവൺ ഉച്ചകോടിയിൽ മാധ്യമ പങ്കാളിയായാണ്.
റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് എ.ഐ ഉച്ചകോടി. 100 രാജ്യങ്ങളിൽ നിന്നുള്ള നാന്നൂറിലധികം എ.ഐ വിദഗ്ധരും ശാസ്ത്രജ്ഞരും മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. മാനവികതയുടെ ഉന്നമനത്തിനായി എ.ഐ പ്രയോജനപ്പെടുത്തുക എന്ന പ്രമേയത്തിലാണ് പരിപാടി. സൗദി ഡാറ്റാ & ആർടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് സംഘാടകർ
സമ്മേളനത്തിന്റെ ആദ്യ ദിനം പതിനഞ്ചിലേറെ കരാറുകളാണ് ഒപ്പിട്ടത്. എ.ഐ രംഗത്തെ എത്തിക്‌സ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ച തുടരും. ഗതാഗതം, നഗര രൂപകൽപ്പന, മാനസികാരോഗ്യം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയിലെ എ.ഐ ഉപയോഗവും ആദ്യ ദിനം ചർച്ചയായി. ഈ രംഗത്ത് സൗദിയുടെ ചിലവഴിക്കൽ തുടരുകയാണ്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ മേധാവിമാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സൗദിയിലെ കമ്പനികളുടെ വളർച്ചയിൽ എ.ഐ മുഖ്യ പങ്കുവഹിക്കുന്നതായി അൽ വുസ്ത കമ്പനി സി.ഇ.ഒ സാജൻ ലത്തീഫ് പറഞ്ഞു.