നവീകരണത്തിനായി ജിദ്ദയിലെ 34 ചേരികള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കുമെന്ന് മേയര്‍
|വീടുകള്‍ പൊളിച്ചുമാറ്റിയ കുടുംബങ്ങള്‍ക്കായി നിലവില്‍ 5,000 വീടുകല്‍ തയ്യാറാക്കിയിട്ടുണ്ട്
ജിദ്ദ: നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പുനര്‍വികസന പദ്ധതിയുടെ ഭാഗമായി നഗരത്തിലെ 64 ചേരികളില്‍ 34 എണ്ണവും പൂര്‍ണ്ണമായി പൊലിച്ചുമാറ്റുമെന്ന് മേയര്‍ സാലിഹ് അല്‍ തുര്‍ക്കി അറിയിച്ചു. നീക്കം ചെയ്യുന്ന ചേരികളില്‍ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കൂടുതലുള്ളതെന്നും ആ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പോലും ബുദ്ധിമുട്ടായ രീതിയിലാണ് പ്രദേശത്തെ പാര്‍പ്പിടങ്ങളുടെ ഘടനയെന്നും അദ്ദേഹം അറിയിച്ചു.
സൗദി പൗരന്മാര്‍ കൂടുതല്‍ താമസിക്കുന്ന ബാക്കിയുള്ള 30 ചേരികളില്‍ ക്രമരഹിതമായ നിരവധി നിര്‍മാണങ്ങള്‍ ഉണ്ടെങ്കിലും അവ നിലവില്‍ നീക്കം ചെയ്യില്ല.ഈ ചേരികള്‍ വികസിപ്പിക്കുന്നതിനും അവിടെ താമസിക്കുന്ന, മറ്റ് താമസസൗകര്യങ്ങളില്ലാത്ത പൗരന്മാര്‍ക്ക് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നതിനായി വിശദമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചേരിപ്രദേശങ്ങളിലെ വീടുകള്‍ പൊളിച്ചുമാറ്റിയ കുടുംബങ്ങള്‍ക്കായി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം നിലവില്‍ 5,000 വീടുകല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അല്‍ തുര്‍ക്കി അറിയിച്ചു.
ഇതുവരെയായി ഗുലൈല്‍ ചേരിയില്‍ താമസിച്ചിരുന്ന 102 കുടുംബങ്ങളെ മന്ത്രാലയത്തിന്റെ പുതിയ ഭവനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വീടുകളുടെ ഉടമസ്ഥാവകാശ രേഖകള്‍ സ്വന്തമായുള്ളവര്‍ക്കും അവ നീക്കം ചെയ്യുന്നതിനുമുമ്പ് ചേരികളില്‍ താമസിച്ചിരുന്നവരുമായവര്‍ക്ക് ഒരു വര്‍ഷത്തേക്ക് താമസ സൗകര്യം നല്‍കും. കൂടാതെ നീക്കം ചെയ്ത ചേരികളിലെ താമസക്കാര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികളും പതിവിലും വേഗത്തിലാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അധികാരികളുടെ ഉത്തരവിനെ തുടര്‍ന്ന്, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കിയിട്ടുണ്ട്. പേപ്പര്‍ ഡോക്യുമെന്റ് കൈവശമുള്ള പൗരന്മാര്‍ക്ക് നിലവില്‍ അത് ഇലക്ട്രോണിക് രേഖയാക്കി മാറ്റേണ്ട ആവശ്യമില്ല. കൈവശം രേഖയുള്ളവരുടെ ഭൂമിക്കും കെട്ടിടത്തിനും നഷ്ടപരിഹാരം നല്‍കും. കൂടാതെ രേഖയില്ലാത്തവരെ മറ്റുള്ളവരുടെ സ്വത്തില്‍ അതിക്രമിച്ചുകടക്കുന്നതായി കണക്കാക്കി, കെട്ടിടത്തിന് മാത്രമേ നഷ്ടപരിഹാരം നല്‍കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ നഷ്ടപരിഹാരം കണക്കാക്കുന്നതിനായി ജനറല്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഒരു സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.