സൗദിയിൽ രണ്ട് കോടി മുപ്പത് ലക്ഷത്തിലേറെ ഉംറ പെർമിറ്റുകൾ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം
|റമദാനിൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുന്നതിനുള്ള ബുക്കിങ് പൂർത്തിയായിട്ടില്ലെന്നും ഇപ്പോഴും തുടരുന്നുണ്ടെന്നും ഹജ്ജ് ഉംറ മന്ത്രാലയം
സൗദിയിൽ ഇതുവരെ രണ്ട് കോടി മുപ്പത് ലക്ഷത്തിലേറെ ഉംറ പെർമിറ്റുകൾ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി പെർമിറ്റെടുക്കാതെ ഉംറക്കെത്തിയാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് പൊതു സുരക്ഷാ വിഭാഗവും വ്യക്തമാക്കി. ആഭ്യന്തര തീർത്ഥാടകർക്ക് റമദാനിൽ ഉംറ ചെയ്യുന്നതിനുള്ള ബുക്കിംഗ് ഇപ്പോഴും തുടരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
റമദാനിൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുന്നതിനുള്ള ബുക്കിങ് പൂർത്തിയായിട്ടില്ലെന്നും ഇപ്പോഴും തുടരുന്നുണ്ടെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകർക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി ഉംറക്ക് ബുക്ക് ചെയ്യാം. ഉംറ പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയതിയും സമയവും പാലിക്കാതെ ഉംറക്കെത്തിയാലും നിയമ ലംഘനമായി കണക്കാക്കും.
തവക്കൽനാ ആപ്പിലെ ഇഖാമ നമ്പർ, പാസ്പോർട്ട് നമ്പർ, ബോർഡർ നമ്പർ എന്നിവ പരിശോധിക്കുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. റമദാനിൽ ഉംറക്കെത്തുന്ന ആഭ്യന്തര തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും ബസിലാണ് തീർത്ഥാടകർ ഹറം പള്ളിയിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടത്. ഇതിനായുള്ള ബസ് ടിക്കറ്റ് പാർക്കിംഗ് ഏരിയയിൽ തന്നെ ലഭ്യമാണ്. വിദേശ തീർത്ഥാടകർക്ക് ഇഅ്തമർനാ ആപ്പ് വഴി അവരുടെ രാജ്യങ്ങളിൽ വെച്ച് സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉംറ ബുക്കിങ് നടത്താം.