ചെറിയ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഹറം പള്ളികളിലേക്ക് പ്രവേശിക്കാമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം
|അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും രക്ഷിതാക്കളോടൊപ്പം ഹറമുകളിലേക്ക് പ്രവേശിക്കാം
ചെറിയ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഹറം പള്ളികളിലേക്ക് പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഹജ്ജിന് കൂടുതൽ തീർത്ഥാടകർക്ക് അനുമതി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങൾ.
അഞ്ച് വയസ്സിന് മുകളിലുള്ളവർക്കായിരുന്നു ഇത് വരെ ഹറം പള്ളികളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും രക്ഷിതാക്കളോടൊപ്പം ഹറമുകളിലേക്ക് പ്രവേശിക്കാം. ഇവർക്ക് ഹറം പള്ളികളിൽ നമസ്കരിക്കുന്നതിനും പ്രവാചകന്റെ ഖബറിടത്തിൽ സലാം പറയുന്നതിനും അനുവാദമുണ്ടാകും. എന്നാൽ ഉംറ ചെയ്യുവാനോ റൗദാശരീഫിൽ നമസ്കരിക്കുവാനോ അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് അനുവാമില്ല. ഈ രണ്ട് കർമ്മങ്ങൾക്കും പെർമിറ്റെടുക്കൽ നിർബന്ധമാണ്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉംറക്കും,റൗദാ ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റ് അനുവദിക്കില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മറ്റ് ആരാധനാ കർമ്മങ്ങൾക്കൊന്നും പെർമിറ്റോ പ്രായപരിധിയോ ഇല്ല. ഈ വർഷത്തെ ഹജ്ജിന് കൂടുതൽ പേർക്ക് അനുമതി നൽകുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.