സൗദിയില്‍ വിദേശികളിൽ ഇസ്ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു
|കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ഈ വര്‍ഷം 56561 പേര് ഇസ്ലാം സ്വീകരിച്ചു
സൗദിയുടെ കിഴക്കന്‍ പ്രവിശ്യിയില്‍ നിന്നും അരലക്ഷത്തിലധികം വിദേശികള്‍ ഈ വര്‍ഷം ഇസ്ലാം സ്വീകരിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പുതുതായി ഇസ്ലാമിലേക്ക് കടന്നു വന്നത്. പുരുഷന്മാരും സ്ത്രീകളും ഇസ്ലാമിലേക്ക് കടന്ന് വന്നവരിലുണ്ട്.
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഈ വര്‍ഷം ഇതുവരെയായി 56561 വിദേശികള്‍ ഇസ്ലാം ആശ്ലേഷിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം വെളിപ്പെടുത്തി. പ്രവിശ്യയിലെ ഇസ്ലാമിക കാര്യ മന്ത്രാലയം, ദഅ്വ ഗൈഡന്‍സ് സെന്റര്‍ തുടങ്ങിയവ വഴി ഇസ്ലാം സ്വീകരിച്ചവരുടെ കണക്കാണ് പുറത്ത് വിട്ടത്.
ഇസ്ലാം സ്വീകരിച്ചവരില്‍ 41609 പുരുഷന്മാരും, 14952 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. വിവിധ ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇസ്ലാമിനെ കുറിച്ച് പഠിച്ചും, സ്വയം താല്‍പര്യമറിയിച്ചും സമീപിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.
ഇത്തരക്കാര്‍ക്ക് പ്രഭാഷണങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ബുക്ക്ലെറ്റുകള്, അകാദമിക് പഠനങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, ചരിത്ര പ്രധാന സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു വരുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നവരുടെയും ഇസ്ലാം ആശ്ലേഷിക്കുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ആഗോള തലത്തില്‍ അനുഭവപ്പെട്ടുവരുന്നതായും ഈ രംഗത്തുള്ളവര്‍ പറയുന്നു.