2023 ആദ്യപാദത്തിൽ 4093 സ്ഥാപനങ്ങൾ; സൗദിയിൽ ഇ-കൊമേഴ്ഷ്യൽ സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചു
|ഇ-മാർക്കറ്റിംഗ് വഴിയുള്ള വരുമാനത്തിലും വർധനവ്
റിയാദ്: സൗദിയിൽ ഇ-കൊമേഴ്ഷ്യൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തിൽ നാലായിരത്തിലധികം പുതിയ ഇ-കൊമേഴ്ഷ്യൽ സ്ഥാപനങ്ങൾ പുതുതായി രാജ്യത്ത് ആരംഭിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി.
രാജ്യത്ത് ഇ-കൊമേഴ്ഷ്യൽ സ്ഥാപനങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആദ്യപാദം പിന്നിടുമ്പോൾ സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 4093 പുതിയ ഇ-കൊമേഴഷ്യൽ സ്ഥാപനങ്ങളാണ് ഇക്കാലയളവിൽ തുടക്കം കുറിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് പതിനേഴ് ശതമാനം കൂടുതലാണ്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്ഷ്യൽ സ്ഥാപനങ്ങളുടെ എണ്ണം 33070 ആയി ഉയർന്നു. റിയാദിലാണ് ഏറ്റവും കുടുതൽ. 13200, മക്കയിൽ 8065ഉം, കിഴക്കൻ പ്രവിശ്യയിൽ 5294ഉം സ്ഥാപനങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക്, മീഡിയ, ഫാഷൻ, ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് കൂടുതലായും സ്ഥാപനങ്ങൾ വഴി വിൽപ്പന നടത്തി വരുന്നത്.
The number of e-commerce firms has increased in Saudi Arabia