സൗദി അറേബ്യയിൽ ബലിമൃഗങ്ങളുടെ വില കുത്തനെ വർധിച്ചു
|പ്രാദേശിക ആടുകൾക്ക് 2000 മുതൽ 3000 റിയാൽ വരെ നിരക്ക്
ദമ്മാം: സൗദി അറേബ്യയിൽ ബലിമൃഗങ്ങളുടെ വില കുത്തനെ വർധിച്ചു. അറവ് മൃഗങ്ങളുടെ ഇറക്കുമതി കുറഞ്ഞതും കന്നുകാലി തീറ്റയുടെ വിലയിൽ ഉണ്ടായ വർധനവുമാണ് ബലിമൃഗങ്ങളുടെ ഡിമാന്റ് വർധിക്കാൻ ഇടയാക്കിയത്. ബലിക്കായി ഉപയോഗിക്കുന്ന പ്രാദേശിക ആടുകൾക്ക് 2000 മുതൽ 3000 റിയാൽ വരെയാണ് മാർക്കറ്റ് വില.
ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സൗദിയിൽ ബലി മൃഗങ്ങളുടെ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രാദേശിക ആടുകളിലെ മുന്തിയ ഇനമായ നുഐമി, നജ്ദി, അൽഹാരി ഇനങ്ങൾക്ക് 2000 മുതൽ 3000 റിയാൽ വരെയാണ് നിലവിലെ മാർക്കറ്റ് വില. വില കുത്തനെ ഉയർന്നതോടെ മുന്തിയ ഇനം ആടുകളുടെ വിൽപ്പനയിലും ഇടിവ് നേരിട്ടു. പകരം വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ആടുകൾക്കാണ് ഉപഭോക്താക്കളേറെയുള്ളത്. പെരുന്നാൾ അടുക്കുന്നതോടെ വില വീണ്ടും ഉയരുമെന്നും ഈ മേഖലയിൽ ജോലിയെടുക്കുന്നവർ പറഞ്ഞു.