കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ഉത്തരവാദികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രോസിക്യൂഷന്
|കിംവദന്തികളും നുണകളും പ്രചരിപ്പിക്കുന്നത് അറസ്റ്റ് ചെയ്യപ്പെടാവുന്ന സുപ്രധാന കുറ്റകൃത്യങ്ങളിലൊന്നാണ്
രാജ്യത്തു നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കിംവദന്തികള്‍ മെനഞ്ഞുണ്ടാക്കി അവ പ്രചരിപ്പിക്കുന്നവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.
നിലവില്‍ നിരീക്ഷണത്തിലുള്ള ഭൂരിഭാഗം പോസ്റ്റുകളുടെയും ഉത്തരവാദികള്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവരാണ്. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് 5 വര്‍ഷം വരെ തടവും 3 ദശലക്ഷം റിയാല്‍ പിഴയും ലഭിക്കും. കൂടാതെ, കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച ഉപകരണങ്ങളും മറ്റും കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം വാര്‍ത്തകള്‍ നിര്‍മിക്കുകയോ സൂക്ഷിച്ചുവയ്ക്കുകയോ സാമൂഹ്യമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയോ അല്ലെങ്കില്‍ അതിന് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന എല്ലാവരും ഈ പറഞ്ഞ പിഴയും ശിക്ഷാ നടപടികളും നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കിംവദന്തികളും നുണകളും പ്രചരിപ്പിക്കുന്നത് അറസ്റ്റ് ചെയ്യപ്പെടാവുന്ന സുപ്രധാന കുറ്റകൃത്യങ്ങളിലൊന്നാണ്. പ്രത്യേകിച്ച് വിദേശത്ത് നിന്ന് കൈകാര്യം ചെയ്യുന്ന തരത്തിലാണെങ്കില്‍ അതിന്റെ ഗൗരവം വര്‍ധിക്കും. ഇത്തരക്കാര്‍ക്ക് ശരീഅത്ത് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷകള്‍ തന്നെ ലഭിക്കുമെന്നും പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ അതിന്റെ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാന്‍ ശ്രമിക്കണമെന്നും പ്രോസിക്യൂഷന് കൂട്ടിച്ചേര്‍ത്തു.