ഹജ്ജ് വിഷയത്തിൽ മോദി ദുബൈ ശൈഖിനെ വിളിച്ചെന്ന പരാമർശം അബദ്ധം: എ.പി അബ്ദുള്ളക്കുട്ടി
|എരിവും പുളിയും കൂട്ടുന്ന നാവിൽ നിന്നും പറ്റിപ്പോയതാണെന്നും ക്ഷമിക്കണമെന്നും എ.പി അബ്ദുള്ളക്കുട്ടി
ഹജ്ജ് വിഷയത്തിൽ മോദി ദുബൈ ശൈഖിനെ വിളിച്ചെന്ന പരാമർശം അബദ്ധമായിരുന്നുവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എപി അബ്ദുള്ളക്കുട്ടി. എരിവും പുളിയും കൂട്ടുന്ന നാവിൽ നിന്നും പറ്റിപ്പോയതാണെന്നും ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ കോൺസുലേറ്റിനു കീഴിലെ ഹജ്ജൊരുക്കങ്ങൾ പരിശോധിക്കാൻ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹജ്ജ് ക്വാട്ട കൂട്ടാൻ ദുബൈ ശൈഖിനെ വിളിച്ചെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ എപി അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം. ബിജെപി സമ്മേളനത്തിൽ നടത്തിയ പരാമർശം അബദ്ധമായിരുന്നു, പറ്റിപ്പോയി എന്നാണിപ്പോൾ ട്രോളുകളോട് അദ്ദേഹത്തിന്റെ മറുപടി. ഹജ്ജ് ക്വാട്ട ലോകത്തെല്ലാ രാജ്യങ്ങൾക്കും കൂട്ടിയതായിരുന്നു. എന്നാൽ ഇന്ത്യക്ക് കൂട്ടിയത് മോദിയുടെ ശ്രമമായിരുന്നു എന്നും പ്രസംഗത്തിലുണ്ടായിരുന്നു. ജിദ്ദയിൽ ഹജ്ജൊരുക്കങ്ങൾ പരിശോധിക്കാനായി എത്തിയ അബ്ദുള്ളക്കുട്ടി മക്കയിലും മദീനയിലും സന്ദർശനം നടത്തി.