വഴി നീളെ സ്വീകരണങ്ങളും, വൈറൽ ചിത്രങ്ങളും; സൗദിയ വിമാനം ഒടുവിൽ റിയാദിലെത്തി
|കൂറ്റൻ ട്രാക്കുകളിലായി പതിനൊന്ന് ദിവസത്തെ യാത്രക്കൊടുവിലാണ് വിമാനങ്ങൾ റോഡ് മാർഗം റിയാദിലെത്തിയത്
റിയാദ്: ജിദ്ദയിൽ നിന്നും റോഡ് മാർഗം റിയാദിലേക്ക് കൊണ്ട് വന്ന സൗദി എയർലൈൻസ് വിമാനങ്ങൾ ആയിരം കിലോമീറ്ററുകൾ താണ്ടി ഒടുവിൽ ലക്ഷ്യ സ്ഥാനത്തെത്തി. ഇന്ന് രാവിലെയാണ് വിമാനങ്ങൾ റിയാദിലെ ബോളിവാർഡ് റൺവേയിലെത്തിയത്. കൂറ്റൻ ട്രാക്കുകളിലായി പതിനൊന്ന് ദിവസത്തെ യാത്രക്കൊടുവിലാണ് വിമാനങ്ങൾ റിയാദിലെത്തിയത്. രണ്ടു മുതൽ മൂന്നാഴ്ചവരെ നീളുമെന്ന് കണക്കാക്കിയ യാത്ര പതിനൊന്ന് ദിവസം കൊണ്ട് പൂർത്തിയാക്കാനും സാധിച്ചു.
റിയാദ് സീസണിന്റെ ഭാഗമായി റെസ്റ്റോറന്റുകളും, വ്യാപാര കേന്ദ്രങ്ങളും പ്രവർത്തിക്കുക ഈ കൂറ്റൻ വിമാനങ്ങൾക്കകത്താകും. വിമാനങ്ങൾ കടന്നു പോകുന്ന പാതയിൽ നിരവധി ആളുകളാണ് ഫോട്ടോ പകർത്താനും ദൃശ്യങ്ങളെടുക്കാനും കാത്തു നിന്നിരുന്നത്. ഏറ്റവും നല്ല ചിത്രത്തിന് പ്രഖ്യാപിച്ചിരുന്നത് ആഡംബര കാറായിരുന്നു. റോഡരികിൽ വിമാനങ്ങളെ നൃത്തം ചെയ്തു സ്വീകരിച്ച സൗദി പൗരനാണ് ആദ്യ സമ്മാനം ലഭിച്ചത്.
ജനങ്ങളുടെ വൻ പങ്കാളിത്തം കണക്കിലെടുത്ത് സമ്മാനമായി ഏറ്റവും പുതിയ മോഡൽ അഞ്ച് ആഡംബര കാറുകൾക്കൂടി നൽകുമെന്ന് എന്റെർടൈമെന്റ് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് 10 ലക്ഷ്വറി കാറുകളായി ഉയർത്തി. സമ്മാനാർഹരായവരിൽ മൂന്ന് കുട്ടികളും ഒരു വൃദ്ധനും ഉൾപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ റിയാദ് സീസണിന്റെ ഭാഗമായി പൊതു ജനങ്ങൾക്കായി ഇരുപത് ആഡംബര കാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ആഴ്ചയിൽ ഒരു കാർ എന്ന രീതിയിലായിരിക്കും നൽകുക. സൗദി പൗരന്മാർക്ക് മാത്രമായി ഈ അവസരം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു