ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് റിയാദിലെത്തി
|റിയാദ്: മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഔദ്യോഗിക സന്ദര്‍ശനത്തിനായി റിയാദിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു.
ആരോഗ്യ പരിപാലനം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ സൗദി കിരീടാവകാശിയുമായി ചര്‍ച്ച ചെയ്യും. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചരിത്ര നഗരമായ ദിരിയ കൊറിയന്‍ പ്രസിഡന്റ് സന്ദര്‍ശിക്കും.
കൊറിയന്‍ വിദേശകാര്യ മന്ത്രി യുയി യോങ് ചുങ്, വാണിജ്യ-വ്യവസായ-ഊര്‍ജ മന്ത്രി സുങ് വൂക്ക് മൂണ്‍, ഫോറിന്‍ പോളിസി സെക്രട്ടറി യോങ് ഹ്യൂന്‍ കിം, സൗദിയിലെ കൊറിയന്‍ അംബാസഡര്‍ ജോണ്‍ യങ് പാര്‍ക്ക് തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് കൊറിയന്‍ പ്രതിനിധി സംഘത്തിലുള്ളത്.