സൗദിയുടെ സാമ്പത്തിക വളർച്ച വരും വർഷവും തുടരുമെന്ന് പഠനം
|ആഗോള തലത്തിൽ മറ്റു രാജ്യങ്ങൾ പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സൗദിയെ അത് ബാധിക്കില്ലെന്നും റിപ്പോർട്ട്
ദമ്മാം: വരും വർഷവും സൗദിയുടെ സാമ്പത്തിക വളർച്ച മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലായിരിക്കുമെന്ന് ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപ്പറേഷൻ ആന്റ് ഡവലപ്പ്മെന്റാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നടപ്പു വർഷം രാജ്യം കൈവരിച്ച സാമ്പത്തിക വളർച്ച വരും വർഷവും തുടരുമെന്ന് വ്യക്തമാക്കിയാണ് റിപ്പോർട്ട്.
ജി-20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ച നേടുന്ന രാജ്യമെന്ന പദവി ഇതിനകം സൗദി അറേബ്യ കരസ്ഥമാക്കിയിട്ടുണ്ട്. ഈ നില അടുത്ത വർഷവും തുടരുമെന്ന് റിപ്പോർട്ട് പറയുന്നു. ഈ വർഷം 9.9 ശതമാനം വളർച്ച കൈവരിക്കുന്ന സൗദി അറേബ്യ അടുത്ത വർഷം ആറ് ശതമാനം വളർച്ച നേടുമെന്നാണ് സൂചന. ആഗോള തലത്തിൽ മറ്റു രാജ്യങ്ങൾ പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സൗദിയെ അത് ബാധിക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യുക്രൈൻ-റഷ്യ സംഘർഷം, ഊർജ്ജ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, പണപ്പെരുപ്പം, കോവിഡിന്റെ തുടർ പ്രതിസന്ധികൾ എന്നിവ ആഗോള തലത്തിൽ വരും വർഷവും സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നും റിപ്പോർട്ട് പറയുന്നു.