ഫിഫ ലോകക്കപ്പിനായി സൗദി അറേബ്യ ഒരുക്കുന്ന കിങ് സൽമാൻ സ്റ്റേഡിയനിർമാണത്തിന് ടെണ്ടർ ഉടൻ ആരംഭിക്കും
|ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്റ്റേഡിയമായിരിക്കും കിങ് സൽമാൻ സ്റ്റേഡിയം
റിയാദ്: ഫിഫ ലോകക്കപ്പിനായി സൗദി അറേബ്യ ഒരുക്കുന്ന കിങ് സൽമാൻ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് ടെണ്ടർ നടപടികൾക്ക് ഉടൻ തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്റ്റേഡിയമായിരിക്കും ഇത്. തൊണ്ണൂറ്റി രണ്ടായിരം പേരെ ഉൾകൊള്ളാൻ കഴിയും വിധമാണ് സ്റ്റേഡിയം ഒരുങ്ങുക. ഫിഫ ലോകക്കപ്പ് ഉദ്ഘാടനവും ഫൈനലും ഈ സ്റ്റേഡിയത്തിലായിരിക്കും
റിയാദിലെ കിങ് അബ്ദുൽ അസീസ് പാർക്കിലായിരിക്കും സ്റ്റേഡിയം. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനാകും. ഫിഫ ലോകക്കപ്പിനും വിവിധ കായിക മത്സരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കും. ഗ്യാലറിയും സ്റ്റേഡിയവും പൂർണമായും ശീതീകരിച്ചതാകും. ആകെ 92,000 സീറ്റുകളായിരിക്കും സജ്ജീകരിക്കുക. ഇതിൽ 2200 സീറ്റുകൾ അതിഥികൾക്കും 150 സീറ്റുകൾ ഭരണാധികാരികൾക്കുമായി നീക്കിവെക്കും. സ്റ്റേഡിയത്തിന്റെ മുകൾ നിലയിൽ നിന്നും കിങ് സൽമാൻ പാർക്കിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയും വിധമാണ് പദ്ധതിയുടെ രൂപകല്പന.
ആറര ലക്ഷത്തിലേറെ ചതുരശ്ര മീറ്ററിലാണ് സ്റ്റേഡിയമൊരുങ്ങുക. ഫാൻസോൺ, ഇൻഡോർ സ്‌പോർട്‌സ് ഹാൾ, വോളിബോൾ ബാസ്‌കറ്റ് ബോൾ ടെന്നീസ് കോർട്ടുകൾ എന്നിവക്ക് പുറമെ, നിരവധി വാണിജ്യ, വിനോദ കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. വിവിധ ദേശീയ അന്തർദേശീയ പരിപാടികൾക്കും സ്റ്റേഡിയവും, പാർക്കും ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. രണ്ടായിരത്തി ഇരുപത്തിയൊൻപതിൽ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കും.