Saudi Arabia
The travel ban on re-entry from Saudi Arabia has been lifted
Saudi Arabia

സൗദിയില്‍നിന്ന് റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാത്തവര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി

Web Desk
|
18 Jan 2024 7:08 PM GMT

തീരുമാനം പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും

സൗദിയില്‍നിന്ന് റീ എന്‍ട്രിയില്‍ പുറത്തുപോയി തിരിച്ചുവരാത്തവര്‍ക്കുള്ള യാത്രാവിലക്ക് നീക്കി. സൗദി ജവാസാത്താണ് വിലക്ക് നീക്കിയ വാര്‍ത്ത പുറത്തുവിട്ടത്.

റീ എന്‍ട്രിയില്‍ രാജ്യം വിട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗദിയിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് പുതിയ പ്രഖ്യാപനത്തോടെ നീങ്ങിയത്. തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് പ്രയോജനകരമാവും.

കോവിഡ് കാലത്ത് ഉള്‍പ്പെടെ റീ എന്‍ട്രിയില്‍ നാട്ടിലേക്ക് മടങ്ങിയ നിരവധി പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പിന്നീട് തിരിച്ചെത്താനായിരുന്നില്ല. യാത്രാ വിലക്കാണ് ഇവര്‍ക്ക് വിലങ്ങുതടിയായത്. ഇതിനിടയില്‍ പലരും പുതിയ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളങ്ങളില്‍നിന്ന് തിരിച്ചയച്ചു.

വൈകിയാണെങ്കിലും ഇപ്പോള്‍ വിലക്ക് നീക്കിയതായി സൗദി ജവാസാത്ത് അറിയിക്കുകയായിരുന്നു. ഇതോടെ പുതിയ വിസയില്‍ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കും കര-നാവിക അതിര്‍ത്തി സുരക്ഷാ വിഭാഗങ്ങള്‍ക്കും എയര്‍ലൈന്‍ കമ്പനികള്‍ക്കും നല്‍കിയതായും ജവാസാത്ത് അറിയിച്ചു. രാജ്യത്തെ നിക്ഷേപവും തൊഴില്‍ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Similar Posts