Saudi Arabia
യുവാവ് തെരുവിൽ ഉറങ്ങിയത് 8മാസം, നാടണയാൻ കൈത്താങ്ങായത് കേളി
Saudi Arabia

യുവാവ് തെരുവിൽ ഉറങ്ങിയത് 8മാസം, നാടണയാൻ കൈത്താങ്ങായത് കേളി

Thameem CP
|
7 May 2024 7:38 PM GMT

എറണാകുളം അങ്കമാലി സ്വദേശി സനൽ ബാബുവിനാണ് കേളി കൈത്താങ്ങായത്

റിയാദ് : വിദ്യാസമ്പന്നനും വിവധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് 8 മാസക്കാലം. ഒടുവിൽ നാടണയാൻ രക്ഷകരായത് കേളി കലാസാംസ്‌കാരിക വേദി പ്രവർത്തകർ. 2022 മാർച്ചിൽ ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി റിയാദിൽ എത്തിയതായിരുന്നു എറണാകുളം അങ്കമാലി സ്വദേശി സനൽ ബാബു. ഐ.ടി.ഐ പഠനം പൂർത്തിയാക്കിയ സനൽ ഡീസൽ മെക്കാനിക്ക്, ഓട്ടോ ടെക്‌നീഷ്യൻ, ഓയിൽ - ഗ്യാസ് ഫിറ്റർ തുടങ്ങിയ ജോലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പൈപ് ഫിറ്റർ ജോലിക്കായാണ് സനൽ എത്തിയത്. എന്നാൽ ജോലി ഒരിടത്ത് മാത്രമായിരുന്നില്ല. സൗദിയുടെ വിവിധ പ്രദേശങ്ങളിലേക്ക് കമ്പനി ജോലിക്കായി അയച്ചു. ആദ്യ മൂന്ന് മാസം ജിദ്ദയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ മൂന്നുമാസത്തേക്കുള്ള ഇഖാമ ജിദ്ദയിൽ നിന്നായിരുന്നു എടുത്തിരുന്നത്. പിന്നീട് റിയാദിലേക്ക് തന്നെ മടങ്ങി. തുടർന്നും മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കി. ഇത്തരത്തിൽ നാല് തവണ ഇഖാമ പുതുക്കി നൽകികൊണ്ടിരുന്നതിനാൽ കമ്പനിയോട് സ്ഥിരം ഇഖാമ നൽകുകയോ അല്ലാത്തപക്ഷം നാട്ടിലേക്ക് തിരിച്ചയക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കമ്പനി ഇഖാമ പുതുക്കി നൽകിയില്ലെന്ന് മാത്രമല്ല ജോലി നൽകാതെ റൂമിൽ ഇരുത്തുകയും ചെയ്തു. ആദ്യ 8 മാസക്കാലം ജോലി ചെയ്ത ശമ്പളം കൃത്യമായി കമ്പനി നൽകിയിരുന്നു. എന്നാൽ അവസാന മാസം നൽകിയ ശമ്പളം ഇഖാമ പുതുക്കാതിരുന്നതിനാൽ സനലിന് ബാങ്കിൽനിന്നും പിൻവലിക്കാനായില്ല. ആറുമാസകാലം ജോലിയില്ലാതെ കഴിഞ്ഞ സനലിന് കമ്പനിയിലെ സഹപ്രവർത്തകരാണ് ഭക്ഷണം നൽകിയിരുന്നത്.

കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിക്കാതെ വന്നപ്പോൾ സ്വമേധയാ ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. രണ്ടു തവണ എംബസ്സിയിൽ എത്തിയെങ്കിലും അകത്തു പ്രവേശിക്കാൻ സാധിച്ചില്ലെന്ന് സനൽ പറഞ്ഞതായി കേളി പറഞ്ഞു. യാത്രക്കുള്ള സാമ്പത്തികം കയ്യിലില്ലാത്തതിനാൽ കമ്പനി ഡ്രൈവറുടെ സഹായത്താൽ എംബസ്സിയുടെ അടുത്തെത്തുകയും ബാക്കി ദൂരം നടന്നുമായിരുന്നു മൂന്ന് തവണയും പോയിരുന്നത്. ഒടുവിൽ എംബസ്സിയിൽ പരാതി പെടുകയും, ഉറൂബ് ആക്കിയിട്ടില്ലെന്നും എക്‌സിറ്റ് ലഭിക്കാൻ ജിദ്ദ തർഹീൽ പോകണമെന്നും എംബസ്സി അറിയിച്ചു. അതിനിടയിൽ കമ്പനി റൂമിൽനിന്നും സനലിനെ പുറത്താക്കി. ബന്ധുക്കളോ കമ്പനിക്ക് പുറത്ത് മറ്റു സുഹൃത്ബന്ധങ്ങളോ ഇല്ലാതിരുന്ന സനൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ അഭയം തേടുകയായിരുന്നുവെന്ന് കേളിയുടെ വാർത്താ കുറിപ്പിൽ വിശദീകരിക്കുന്നു.

പകൽ സമയത്ത് ബാഗുമായി ഷോപ്പിങ് മാളുകളിൽ അലയുകയും രാത്രിയിൽ കെട്ടിടത്തിൽ അഭയം തേടുകയുമായിരുന്നു. ഇങ്ങിനെ നാല് മാസം പിന്നിട്ടത്തിന് ശേഷമാണ് ഒരു മലയാളിയെ കണ്ട് തന്റെ കാര്യങ്ങൾ വിവരിക്കുന്നത്. തുടർന്ന് അദ്ദേഹം കേളിയുമായി ബന്ധപ്പെടുത്തുകയും ജിദ്ദയിൽ പോകുന്നതിനും എക്‌സിറ്റ് നേടുന്നതിനുമുള്ള സഹായങ്ങൾ കേളി നൽകുകയും ചെയ്തു. തെരുവിൽ കഴിഞ്ഞ നാലുമാസവും മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നെന്നും റമദാനിലെ 30 ദിവസം കിട്ടിയ ഭക്ഷണം മാത്രമായിരുന്നു പട്ടിണി കൂടാതെ കഴിഞ്ഞതെന്നും സനൽ പറയുന്നു. കേളി വിഷയം ഏറ്റെടുത്തതിന് ശേഷം ആവശ്യമായ ഭക്ഷണം നൽകുന്നതിനുള്ള സാഹചര്യം ഒരുക്കി. ജിദ്ദയിൽ പോയി വിരലടയാളം പതിച്ചെങ്കിലും പിന്നെയും മൂന്ന് മാസത്തിന് ശേഷമാണ് എക്‌സിറ്റ് ലഭിച്ചത്.

എക്‌സിറ്റ് ലഭിച്ച ഉടനെ എത്രയും പെട്ടെന്ന് സനലിനെ നാട്ടിലെത്തിക്കുന്നതിനായി കേളി കേന്ദ്ര കമ്മറ്റി കൊച്ചിയിലേക്കുള്ള ടിക്കറ്റ് നൽകി. കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരും യാത്രാ വേളയിൽ സഹായം നൽകി. സഹായം നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ് ഇന്നലെ വൈകിട്ട് 4 മണിക്കുള്ള ഒമാൻ എയർലൈൻസിൽ സനൽ നാട്ടിലേക്ക് തിരിച്ചു. കേളി ന്യൂ സനയ്യ ഏരിയാ കമ്മറ്റി അംഗങ്ങളാണ് സനലിന് വേണ്ട സഹായങ്ങൾ നൽകിയത്. നാട്ടിൽ അമ്മയും ഒരു ജേഷ്ഠനുമാണ് സനലിന് ബന്ധുക്കളായുള്ളത്. ജേഷ്ഠൻ വിവാഹിതനാണ്. അമ്മ തട്ടുകട നടത്തുകയാണെന്നും സനൽ പറഞ്ഞു.

Related Tags :
Similar Posts