സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയെത്തും; പൊടിക്കാറ്റിനും സാധ്യത
|തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയാണ് മുന്നറിയിപ്പ്
ജിദ്ദ: സൗദിയിലെ വിവിധയിടങ്ങളിൽ മഴയും പൊടിക്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയാണ് രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ മഴയും പൊടികാറ്റുമുണ്ടാവുക. ത്വഇഫ് അടങ്ങുന്ന മക്ക മേഖലയിൽ മഴക്കൊപ്പം പൊടികാറ്റിനും സാധ്യതയുണ്ട്. അൽ ബഹ, അസീർ, ജീസാൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. നജ്രാൻ മേഖലയിൽ മിതമായ മഴ ലഭിക്കും. ഈ സാഹചര്യത്തിലാണ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്.
ഇത്തവണ കിഴക്കൻ പ്രവിശ്യ, റിയാദ് മേഖലകളിലെ ഗവർണറേറ്റുകളിലും മഴയെത്തും. അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇടിമിന്നൽ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുത്. മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. കനത്ത മഴയിലും രാത്രി കാലങ്ങളിലും സുരക്ഷിതമായി വാഹനമോടിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.