എണ്ണ ക്ഷാമം നേരിട്ടാല്‍ തങ്ങള്‍ ഉത്തരവാദിയായിരിക്കില്ല; അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പുമായി സൗദി അറേബ്യ
|സൗദിക്ക് നേരെ ഹൂത്തികള്‍ നിരന്തരം നടത്തുന്ന ആക്രമണ പശ്ചാതലത്തിലാണ് മുന്നറിയിപ്പ്
ആഗോള തലത്തില്‍ എണ്ണ വിതരണത്തില്‍ ക്ഷാമം നേരിട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കായിരിക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിനാണ് സൗദിയുടെ മുന്നറിയിപ്പ്. ഹൂത്തികള്‍ നിരന്തരം സൗദിയെ ആക്രമിക്കുന്നത് തുടരുന്ന പശ്ചാതലത്തിലാണ് നിലാപാട് അറിയിച്ചത്.
ഹൂത്തികളെയും അവരെ അനുകൂലിക്കുന്നവരെയും കൈകാര്യം ചെയ്യുന്നതില്‍ ആഗോള സമൂഹം ജാഗ്രത കാണിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് സൗദിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ വിത്യസ്ത എണ്ണ ശാലകളെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചിരുന്നു.
ആക്രമണ ശ്രമം അറബ് സഖ്യസേന വിഫലമാക്കിയെങ്കിലും ചിലയിടങ്ങളില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങള്‍ നേരിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് യാമ്പു റിഫൈനറിയിലെ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍ ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രത്തെ ലക്ഷ്യമാക്കിയും ആക്രണം നടന്നിരുന്നു.