Saudi Arabia
Saudi Arabia
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുണ്ടോ? സൗദിയിൽ സന്ദർശന വിസയിലെത്തുന്നവർക്ക് സുവർണാവസരം
|20 Aug 2022 4:53 PM GMT
സാധുവായ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ദമ്മാം: സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ ഒരു വർഷം വരെ ഡ്രൈവിംഗ് ചെയ്യാമെന്ന് സൗദി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്. ഇവർക്ക് സാധുവായ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഒരു വർഷത്തിന് ശേഷം കാലാവധി പുതുക്കുന്നതിനനുസരിച്ച് അനുമതി ലഭ്യമാക്കും. താമസ വിസയിൽ മുമ്പുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസ് പുതിയ വിസയിൽ വീണ്ടും സൗദിയിലെത്തുമ്പോൾ മാറ്റാവുന്നതാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
ഇതിനായി ട്രാഫിക് വിഭാഗത്തിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കാലഹരണപ്പെട്ടവ മാറ്റിയെടുക്കുന്നതിന് ട്രാഫിക് വിഭാഗത്തിന്റെ ലൈസൻസ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് നടപടികൾ പൂർത്തിയാക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. സന്ദർശക വിസയിലെത്തുന്നവർക്ക് രാജ്യത്തെ ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ലെന്നും ഡയറക്ട്രേറ്റ് കൂട്ടിചേർത്തു.