സൗദിയിൽ സന്ദർശക വിസയിലെത്തിയവർ രാജ്യ വിടാതിരുന്നാൽ കടുത്ത ശിക്ഷ
|വിസയനുവദിച്ചയാൾക്ക് ആറു മാസം തടവും 50000 റിയാൽ പിഴയും ശിക്ഷ
ദമ്മാം: സൗദിയിൽ സന്ദർശക വിസയിലെത്തി കൃത്യസമയത്ത് രാജ്യം വിടാതിരുന്നാൽ വിസയനുവദിച്ചയാൾക്ക് ജയിലും കനത്ത പിഴയും ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നൽകി. ആറു മാസത്തെ തടവും 50,000 റിയാൽ പിഴയും വിസ ഉടമ വിദേശിയാണെങ്കിൽ നാടുകടത്തലിനും വിധേയമാക്കും.
എല്ലാ തരം സന്ദർശക വിസകൾക്കും നിയമം ബാധകമായിരിക്കും. സന്ദർശക വിസയിൽ രാജ്യത്ത് തങ്ങുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമില്ല. അനധികൃതമായി ഹജ്ജിന് ശ്രമിച്ചാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ഇത്തരക്കാരെ പതിനായിരം റിയാൽ പിഴ ചുമത്തി നാടുകടത്തലിനും വിധേയമാക്കും.
മെയ് 23 മുതൽ ജൂൺ 21 വരെ എല്ലാ തരം സന്ദർശക വിസയിലുള്ളവർക്കും മക്കയിൽ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും വിലക്ക് നിലവിലുണ്ട്. നിയമ ലംഘകരെ കുറിച്ചുള്ള വിവരങ്ങൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ ടോൾഫ്രീ നമ്പറായ 911, 999 എന്നിവയിൽ അറിയിക്കുവാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.