Saudi Arabia
സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക്   ഒരു കോടി റിയാല്‍ പിഴയും ആറ് മാസം തടവും
Saudi Arabia

സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഒരു കോടി റിയാല്‍ പിഴയും ആറ് മാസം തടവും

Web Desk
|
30 May 2022 2:52 AM GMT

സൗദിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി മന്ത്രാലയം. സമൂഹ മാധ്യമങ്ങളില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും അനുഭവിക്കേണ്ടി വരുമെന്ന് സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സാമൂഹ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്നവര്‍ക്കാണ് കടുത്ത ശിക്ഷ നേരിടേണ്ടി വരിക. വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുക, ഭരണാധികാരികളെയും രാജ്യ നിയമങ്ങളെയും കുറ്റപ്പെടുത്തുക, രാഷ്ട്രത്തെയും ചിഹ്നങ്ങളെയും അപമാനിക്കുക തുടങ്ങിയവക്ക് കാരണമാകുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും പങ്ക വെക്കുന്നതും ശിക്ഷാര്‍ഹമായി പരിഗണിക്കും.

ഇത്തരക്കാര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ആറ് മാസത്തെ ജയില്‍ വാസവും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിക്കും വിധേയമാക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിശോധിച്ച് ഉചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും മീഡിയ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും അതോറിറ്റി വ്യകതമാക്കി.

Similar Posts