ഇന്ത്യക്കാർക്കും ടൂറിസം ഇ-വിസ നൽകുന്നത് പരിഗണിക്കും: സൗദി ടൂറിസം മന്ത്രി
|അബഹയിൽ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൗദി ടൂറിസം മന്ത്രി
അബഹ: ഇന്ത്യക്കാർക്കും ടൂറിസം ഇ-വിസ നൽകുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖതീബ്. അബഹയിൽ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും സൗദിയും തമ്മിൽ ടൂറിസം രംഗത്തെ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബഹയിൽ സൗദിയുടെ ടൂറിസം പദ്ധതികളും പ്രഖ്യാപനങ്ങളും നടത്താനായാണ് മന്ത്രി അഹ്മദ് അൽ ഖതീബ് എത്തിയത്. ഇവിടെ വെച്ച് മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യക്കാർക്കും ടൂറിസം രംഗത്തെ ഇ വിസ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. വിഷയം ശ്രദ്ധയിൽ പെടുത്തിയതിനുള്ള സന്തോഷവും അദ്ദേഹം അറിയിച്ചു.
'ഇന്ത്യൻ മാർക്കറ്റ് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഞങ്ങളെന്തായാലും ശ്രദ്ധിക്കും. ഇത് ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി. ഇതേ കുറിച്ച് ധാരണയുണ്ട്. ഇന്ത്യക്കാരും അതിൽ ഉൾപ്പെടാൻ വേണ്ടി നോക്കും' അഹ്മദ് അൽ ഖതീബ് വ്യക്തമാക്കി. നിലവിൽ ഷെങ്കൻ, യുഎസ്, യുകെ വിസയുള്ള ഇന്ത്യക്കാർക്കിത് നിലവിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയും സൗദിയും ടൂറിസം രംഗത്ത് സഹകരണം ശക്തമാക്കുകയാണ്. ഇതിന് മീഡിയവൺ ഉൾപ്പെടെ മാധ്യമങ്ങൾക്കും ഒട്ടേറെ പിന്തുണ നൽകാനാകും. ഇന്ത്യയിൽ സൗദി ടൂറിസം മന്ത്രാലയം മുംബൈയിലും ഡൽഹിയിലും സ്വന്തം ഓഫീസ് തുറന്നതും സഹകരണം ശക്തമാക്കുന്നതിന്റെ സൂചനയാണ്. അദ്ദേഹം തുടർന്നു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഈ വർഷം മുതൽ വേനൽക്കാല വിനോദ പരിപാടികൾ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ചൂടിലിരിക്കുമ്പോൾ തണുപ്പുള്ള കാലാവസ്ഥയും മഴയുമുള്ള അബഹയാണ് വാർത്താ സമ്മേളനത്തിനായി മന്ത്രാലയം തെരഞ്ഞെടുത്തത്.