ട്രാവൽ എജൻസി വഞ്ചിച്ചു; മാലിദ്വീപ് വഴി സൗദിയിലേക്ക് പോകാനെത്തിയവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി
|ട്രാവൽ എജൻസി വഞ്ചിച്ചതോടെ മാലിദ്വീപ് വഴി സൗദിയിലേക്ക് പോകാനെത്തിയവരുടെ യാത്ര മുടങ്ങി. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് യാത്രക്കായി 'ഡ്രീം വിംഗ്സ് എന്ന ട്രാവൽ ഏജൻസി 30 യാത്രക്കാരിൽ നിന്ന് ഈടാക്കിയത്. നെടുമ്പാശേരിയിൽ നിന്ന് ഉച്ചക്ക് 1.30 നുള്ള വിമാനത്തിന് പോകാനെത്തിയ യാത്രക്കാരാണ് പെരുവഴിയിലായത്.16 മലയാളിടക്കം മുപ്പതോളം യാത്രക്കാരാണ് മാലിദ്വീപ് വഴി സൗദിയിലേക്ക് പോകാൻ നെടുമ്പാശേരിയിലെത്തിയത്. മസ്ക്കത്ത് ആസ്ഥാനമായുള്ള 'ഡ്രീം വിംഗ്സ്' എന്ന ട്രാവൽ ഏജൻസി വഴി യാത്ര ചെയ്യാനെത്തിയവരാണ് ഇവർ.
ട്രാവൽ ഏജൻസി പ്രതിനിധി നേരിട്ടെത്തി ടിക്കറ്റ് കൈമാറാമെന്നാണ് ഇവരെ അറിയിച്ചിരുന്നത്. എന്നാൽ വിമാനം പുറപ്പെടുന്ന അവസാനനിമിഷം ചിലർക്ക് വാട്ട്സ്ആപ്പ് വഴി ടിക്കറ്റ് അയച്ചുകൊടുത്തതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ല. വിമാന ടിക്കറ്റടക്കം 1.30 ലക്ഷം രൂപയാണ് യാത്രക്കാരിൽ നിന്നും കമ്പനി ഈടാക്കിയത്. പരാതി ഉന്നയിച്ചതോടെ യാത്രക്കാർക്ക് പണം തിരികെ നൽകാമെന്ന് ട്രാവൽ ഏജൻസി അറിയിച്ചു. ട്രാവൽ ഏജൻസിക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് യാത്രക്കാർ.