റിയാദില്‍ രാവിലെ എട്ട് മുതല്‍ രാത്രി പന്ത്രണ്ട് വരെ ട്രക്കുകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം
|റിയാദ്, ജിദ്ദ, ദമ്മാം, അല്‍ഖോബാര്‍, ദഹ്റാന്‍ നഗരങ്ങളിലെ റോഡുകളിലാണ് നിശ്ചിത സമയങ്ങളില്‍ നിയന്ത്രണമുള്ളത്.
സൗദിയില്‍ റമദാനില്‍ പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്കുള്ള സഞ്ചാര നിയന്ത്രണ സമയത്തില്‍ മാറ്റം വരുത്തി. റിയാദ്, ജിദ്ദ, ദമ്മാം, അല്‍ഖോബാര്‍, ദഹ്റാന്‍ നഗരങ്ങളിലെ റോഡുകളിലാണ് നിശ്ചിത സമയങ്ങളില്‍ നിയന്ത്രണമുള്ളത്.
റിയാദില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി പന്ത്രണ്ട് മണിവരെയുള്ള സമയത്ത് നഗരപ്രദേശങ്ങളില്‍ ട്രക്കുകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ അവശ്യ സര്‍വീസ് ട്രക്കുകള്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രാത്രി പന്ത്രണ്ട് വരെയുള്ള സമയത്ത് പ്രവേശനം അനുവദിക്കും. രാത്രി പന്ത്രണ്ട് മുതല്‍ രാവിലെ എട്ട് വരെയുളള സമയം ഇവിടെ എല്ലാ തരം ട്രക്കുകള്‍ക്കും നിയന്ത്രണമില്ലതെ യാത്ര അനുവദിക്കും.
ജിദ്ദയില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ അവശ്യ സര്‍വീസുകളായ വെള്ളം ശുചീകരണത്തിനുള്‍പ്പടെ ഉപയോഗിക്കുന്ന ട്രക്കുകള്‍ക്ക് മുഴുസമയം സഞ്ചാര അനുമതി ഉണ്ടാകും. മറ്റു ട്രക്കുകള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയും രാത്രി ഒന്‍പത് മുതല്‍ ഒരു മണിവരെയും വ്യാഴാഴ്ച രാത്രി മൂന്ന് വരെയും നഗരങ്ങളില്‍ പ്രവേശന അനുമതിയുണ്ടാകില്ല. വെള്ളി ശനി ദിവസങ്ങളില്‍ ഇത് വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയും, രാത്രി ഒന്‍പത് മുതല്‍ മൂന്ന വരെയും ആയിരിക്കും നിയന്ത്രണം. ദമ്മാം ദഹ്റാന്‍ അല്‍ഖോബാര്‍ റോഡുകളില്‍ രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ ആറു വരെയും, രാത്രി ഒന്‍പത് മുതല്‍ പന്ത്രണ്ട് മണിവരെയും പ്രവേശനനുമതി ഉണ്ടാകില്ല.