തുർക്കി-സിറിയ ഭൂകമ്പം; സഹായവുമായി സൗദിയുടെ എട്ട് വിമാനങ്ങളെത്തി
|ധനശേഖരണം 800 കോടി പിന്നിട്ടു
തുർക്കി സിറിയ ഭൂകമ്പ ബാധിതർക്കുള്ള സൗദിയുടെ സഹായം തുടരുന്നു. സിറിയയിലേക്ക് നേരിട്ട് ആദ്യമായി ഇന്ന് സഹായവുമായി സൗദിയുടെ വിമാനമിറങ്ങി. ഇരു രാജ്യങ്ങൾക്കുമായി സൗദി ഭരണകൂടം നടത്തുന്ന ജനകീയ ഫണ്ട് കലക്ഷൻ എണ്ണൂറ് കോടിയിലേക്കെത്തുകയാണ്.
32000 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനങ്ങളിൽ എട്ടു സർവീസുകൾ സൗദി പൂർത്തിയാക്കി. നാല് വിമാനങ്ങൾ ഇതിനായി ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്. നൂറ് ടൺ വീതം വരുന്ന പ്രത്യേക പാക്കേജുകളാക്കിയാണ് വിമാനത്തിലേക്ക് ചരക്കുകൾ എത്തിക്കുന്നത്.
ഇന്നലെ ഒൻപതാമത്തെ വിമാനവും പുറപ്പെട്ടു. എട്ടാമത്തെ സർവീസ് സിറിയയിലെ അലപ്പോയിലേകക് നേരിട്ടായിരുന്നു. ഭരണകൂടവും വിവിധ പ്രതിപക്ഷ കക്ഷികളും വിഘടനവാദികളും ഏറ്റുമുട്ടുന്ന സിറിയയിലേക്ക് സഹായമെത്തിക്കൽ എളുപ്പമായിരുന്നില്ല. ഇതിനാൽ തുർക്കിയിൽ നിന്നും കരമാർഗമായിരുന്നു ഇതു വരെ സഹായമെത്തിച്ചത്. എന്നാൽ സിറിയൻ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്നലെ നേരിട്ട് വിമാനമിറങ്ങി.
ഇതോടെ ഭൂകമ്പ ബാധിതരിലേക്ക് സഹായം വേഗത്തിലെത്തും. മെഡിക്കൽ സേവനം, താമസം, ഭക്ഷണം, മരുന്നുകൾ എന്നിവയാണ് എത്തിക്കുന്നത്. ഇതിനു പുറമെ രക്ഷാ ദൗത്യത്തിലും സൗദി പങ്കാളിയാണ്. ഇതിനകം 800 കോടിയോളം രൂപ സൗദി ജനകീയ ഫണ്ട് കലക്ഷനിലൂടെ സമാഹരിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് വസ്തുക്കളെത്തിക്കുന്നത്. ഇതിന് പുറമെ വിവിധ മാർഗങ്ങളിലൂടെ തുർക്കിയേയും സിറിയയേയും സഹായിക്കാൻ സൗദി ലക്ഷ്യമിടുന്നുണ്ട്.