Saudi Arabia
തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇന്ന് സൗദി അറേബ്യയിലെത്തും
Saudi Arabia

തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇന്ന് സൗദി അറേബ്യയിലെത്തും

Web Desk
|
28 April 2022 6:33 PM GMT

ഏറെക്കാലം വഷളായ നിന്ന സൗദി ബന്ധം ഊഷ്മളമാക്കുകയാണ് ഉർദുഗാന്‍റെ സന്ദർശന ലക്ഷ്യം.

തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇന്ന് സൗദി അറേബ്യയിലെത്തും. സന്ദർശനത്തിനിടെ കിരീടാവകാശിയുമായും അദ്ദേഹം ചർച്ച നടത്തും. ഏറെക്കാലം വഷളായ നിന്ന സൗദി ബന്ധം ഊഷ്മളമാക്കുകയാണ് ഉർദുഗാന്‍റെ സന്ദർശന ലക്ഷ്യം.

ഇന്ന് രാത്രിയാണ് തുർക്കി പ്രസിഡണ്ട് സൗദിയിലെ ജിദ്ദയിലെത്തുകയെന്നാണ് വിവരം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി തുർക്കി പ്രസിഡന്‍റ് ചർച്ചകൾ നടത്തും. സൗദി അറേബ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ തുർക്കി ആഗ്രഹിക്കുന്നതായി ഉർദുഗാൻ വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ തുർക്കിയിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി പാടെ കുറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തുർക്കി യു.എ.ഇ അടക്കമുള്ള മേഖലാ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചു വരികയാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഉർദുഗാൻ യു.എ.ഇ സന്ദർശിച്ചിരുന്നു. റഷ്യ, യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ധന നിരക്കുകൾ കുതിച്ചുയർന്നതും പണപ്പെരുപ്പം വർധിക്കുകയും ചെയ്തത് തുർക്കിയെ ബാധിച്ചിരുന്നു. സൗദി വിരുദ്ധ പ്രസ്താവനകളോടെയാണ് തുർക്കിയുമായുള്ള സൗദി ബന്ധം ഉലയുന്നത്. തുർക്കിയിൽ ആവർത്തിച്ച് സൗദി ടൂറിസ്റ്റുകൾ ആക്രമണങ്ങൾക്ക് വിധേയരായെന്നും ആരോപണമുയർന്നു. ഇതോടെ സൗദി തുർക്കിയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പും നൽകി. തുർക്കി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ജനകീയ കാമ്പയിനുകളും സൗദിയിൽ നടന്നു. പല വൻകിട കമ്പനികളും ഹൈപ്പർമാർക്കറ്റ് ശൃംഖലകളും തുർക്കി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുകയും തുർക്കിയിൽ നിന്നുള്ള ഇറക്കുമതി നിർത്തി വെക്കുകയും ചെയ്തു. ഇതിന് പിന്നാലെയുള്ള തുർക്കി പ്രസിഡണ്ടിന്‍റെ സന്ദർശനം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുകയാണ്.

Similar Posts