ഇന്ത്യക്കാരനുൾപ്പെടെ സൗദിയിലെ മരുഭൂമിയിൽ അകപ്പെട്ട രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി
|ഇന്ത്യക്കാരനുൾപ്പെടെ രണ്ടുപേർ മരിച്ചത് ഹുഫൂഫ് റുബുൽഖാലി മരുഭൂമിയിൽ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ നിന്ന് ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ഇന്ത്യക്കാരനുൾപ്പെടെ രണ്ടുപേർ മരുഭൂമിയിൽ അകപ്പെട്ട് മരിച്ചു. വാഹനത്തിന്റെ ഇന്ധനം തീർന്ന് വിജന മരുഭൂമിയിൽ കുടുങ്ങിയാണ് അപകടം. തെലങ്കാന സ്വദേശിയായ യുവാവും സുഡാനി പൗരനുമാണ് മരിച്ചത്. തെലങ്കാന കരിംനഗർ സ്വദേശി ഷഹ്സാദ് ഖാനും സഹയാത്രികനുമാണ് നിർജ്ജലീകരണത്തെ തുടർന്ന് മരിച്ചത്. അൽഹസ്സ ഹുഫൂഫിന് സമീപം റുബുൽ ഖാലി പ്രദേശത്താണ് അപകടം. നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ജി.പി.എസ് ഉപയോഗിച്ച് യാത്ര ചെയ്ത ഇവർക്ക് വഴി തെറ്റിയതാണെന്നാണ് നിഗമനം. അതിനിടയിൽ മൊബൈൽ ഫോൺ ബാറ്ററിയുടെയും ചാർജ് കഴിഞ്ഞു. ഇതോടെ പുറം ലോകവുമായുള്ള ബന്ധം നിലച്ചു. ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ടതിനാൽ കമ്പനി അധികൃതർക്ക് ഇവരെ ലൊക്കേറ്റ് ചെയ്യാനും കഴിഞ്ഞില്ല. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് പ്രാർഥനയിൽ അഭയം തേടിയതെന്ന് തോന്നിക്കുംവിധം വാഹനത്തിന് സമീപം വിരിച്ച നമസ്‌കാര പായയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് വർഷമായി ടെലികോം കമ്പനിയിൽ ജോലി ചെയ്യുകയാണ് ഷഹ്സാദ് ഖാനും സഹപ്രവർത്തകനും.