ദുബൈ നിക്ഷേപകർ സൗദിയിൽ; നിക്ഷേപ മന്ത്രാലയവുമായി ചർച്ച
|യു.എ.ഇയിലെ പ്രമുഖ മലയാളി നിക്ഷേപകരും സൗദി നിക്ഷേപകരുമാണ് ചര്‍ച്ചയുടെ ഭാഗമായത്
റിയാദ്: നിക്ഷേപാവസരം മനസ്സിലാക്കാൻ യു.എ.ഇയിൽ നിന്നുള്ള വ്യവസായ പ്രമുഖരും ബിസിനസ് രംഗത്തുള്ളവരും സൗദിയിലെത്തി. പ്രമുഖ കൺസൾട്ടൻസിയായ അനലറ്റിക്സാണ് ഇതിന് അവസരമൊരുക്കിയത്. യു.എ.ഇയിലെ ഐ.പി.എക്ക് കീഴിലുള്ള വ്യവസായ സംഘമാണ് സൗദിയിലെത്തിയത്.
യു.എ.ഇയിലെ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന് കീഴിലുള്ള ക്ലസ്റ്റർ ഫോറിന് കീഴിലാണ് സൗദിയിലേക്ക് നിക്ഷേപ ടൂറിസ പഠനയാത്ര നടത്തിയത്. യു.എ.ഇയിലെ പ്രമുഖ മലയാളി നിക്ഷേപകരും സൗദിയിലെ നിക്ഷേപകരുമാണ് ചര്‍ച്ചയുടെ ഭാഗമായത്. സൗദിയിലെ മാറിയ സാഹചര്യം, നിക്ഷേപ മന്ത്രാലയവുമായുള്ള ചർച്ച, സൗദി ചേംബറുമായുള്ള സഹകരണം എന്നിവയായിരുന്നു ലക്ഷ്യം.
ക്രൗൺ പ്ലാസ റിയാദ് പാലസിൽ നടന്ന സായാഹ്ന പരിപാടിയിൽ ഷെഹിം പി.കെ, സൂരജ് എൻ.കെ ഉൾപ്പെടെയുള്ള റിയാദിലെ വിവിധ വ്യവസായ പ്രമുഖർ പങ്കെടുത്തു. സൗദിയിലെ ബിസിനസ് അവസരങ്ങളും സൗദി അറേബ്യയിൽ ബിസിനസ്സ് സ്ഥാപിക്കുന്നതിനുള്ള വഴികളും അനലറ്റിക്സ് സംഘം അവതരിപ്പിച്ചു. സൗദിയിൽ ബിസിനസ്സ് സ്ഥാപിക്കൽ, ഓപ്പറേറ്റിംഗ് ബിസിനസ്സിലെ വെല്ലുവിളികൾ, അവസരങ്ങൾ, വിസയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എന്നിവയെക്കുറിച്ച് ഒരു പാനൽ ചർച്ചയും നടന്നു. നിക്ഷേപ മന്ത്രാലയവുമായും ഇവർ ചർച്ച നടത്തി.
നിക്ഷേപ മന്ത്രാലയ അനുമതിയോടെ സംരംഭകരുടെ സംഘത്തെ സൗദിയിൽ കൊണ്ടുവരുന്നത് നേട്ടമായാണ് അനലറ്റിക്സ് ഗ്രൂപ്പ് കാണുന്നത്.
Summary: UAE Businessmen visit Saudi Arabia to explore investment opportunities in Saudi Arabia