Saudi Arabia
റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു
Saudi Arabia

റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു

Web Desk
|
30 March 2023 6:43 PM GMT

തിരക്ക് വർധിച്ചു; കുട്ടികളുടെ കൈകളിൽ പ്രത്യക വളകൾ ധരിപ്പിച്ച് തുടങ്ങി

മക്കയിൽ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു. തവക്കൽനാ, നുസുക്ക് ആപ്പുകൾ വഴി പെർമിറ്റുകൾ ലഭ്യമായി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ ഹറമിൽ നടപ്പാക്കിവരുന്നത്.

റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചപ്പോൾ, അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ലഭ്യമായിരുന്നില്ല. എന്നാൽ ആദ്യ പത്ത് ദിവസങ്ങൾ അവസാനിക്കാറയാതോടെ, അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നുസ്‌ക്, തവക്കൽനാ ആപ്പുകൾ വഴി ഉംറക്കുള്ള പെർമിറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. തീർത്ഥാകടരുടെ വൻ തിരക്കാണ് മക്കയിൽ. വിശുദ്ധ റമദാനിൽ ഉംറ ചെയ്യുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വദേശികളും വിദേശികളും മക്കയിലേക്ക് ഒഴുകുകയാണ്. മക്കക്ക് പുറത്ത് നിന്ന് വരുന്ന തീർഥാടകരുടെ ഉംറ പെർമിറ്റുകൾ ചെക്ക് പോസ്റ്റുകളിൽ വെച്ച് തന്നെ പരിശോധിക്കും.

പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നിരവധി പേരെ കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. പെർമിറ്റില്ലാതെ ഉംറ ചെയ്യാൻ ശ്രമിച്ച് പിടിക്കപ്പെട്ടാൽ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ഇത്തവണ അവസാനത്തെ പത്ത് ദിവസങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ സമയത്ത് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹറമിലേക്ക് പ്രാർത്ഥനക്കെത്തുന്നവരുടെ എണ്ണവും ഉയരും. തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ ഹറമിൽ നടപ്പിലാക്കി വരുന്നത്.

തിരക്ക് വർധിച്ചു; കുട്ടികളുടെ കൈകളിൽ പ്രത്യക വളകൾ ധരിപ്പിച്ച് തുടങ്ങി

ഉംറക്കിടെ തിരക്ക് വർധിച്ചതോടെ കുട്ടികളുടെ കൈകകളിൽ പ്രത്യക വളകൾ ധരിപ്പിച്ച് തുടങ്ങി. തിരിക്കിനിടെ അവർ കാണാതാകുന്നത് തടയാനാണിത്. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ കോൺടാക്റ്റ് നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ പ്രിന്റ് ചെയ്ത വളയാണ് കുട്ടികളെ ധരിപ്പിക്കുന്നത്. ഹറം പള്ളിക്കുള്ളിൽ വെച്ച് നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തിയാൽ മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനും കുറഞ്ഞ സമയത്തിനുള്ളിൽ അവരെ കുടുംബത്തിന് കൈമാറുന്നതിനും ഇതിലൂടെ സാധിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്ക് ഗണ്യമായി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടര ലക്ഷം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായാണ് കണക്ക്. തീർഥാടകരുടെ ഒഴുക്ക് വർധിച്ചതോടെ കര, വ്യോമ, കടൽ തുറമുഖങ്ങളിലും തിരക്ക് വർധിച്ചു.


Umrah booking for the last ten days of Ramadan has started in Makkah.

Similar Posts