സൗദിയിൽ വാഹനാപകടം: അഞ്ച് ഇന്ത്യക്കാർ മരിച്ചു
|ഉംറ നിർവഹിക്കാനായി യാംബുവിൽ നിന്നും റിയാദിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടവരാണ് അപകടത്തിൽപെട്ടത്
സൗദിയിൽ രണ്ട് വാഹനപകടങ്ങളിലായി കുട്ടികളുൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഉംറ നിർവഹിക്കാനായി യാമ്പുവിൽ നിന്നും റിയാദിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടവരാണ് അപകടത്തിൽപെട്ടത്.
മരിച്ചവരുടെ മൃതദേഹങ്ങൾ റിയാദിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിൽ നിന്നും ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടാണ് കുട്ടികളുൾപ്പടെ 5 പേർ മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ റിയാദിൽ നിന്നും പുറപ്പെട്ട് അധികം വൈകാതെ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർ ദിശയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. മക്കയിലെത്താൻ 130 കിലോമീറ്റർ ബാക്കി നിൽക്കെ ഖുലൈസ് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ജിദ്ദ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന മറ്റു നാല് പേർക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ.
അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിൻ്റെ ഭാര്യയും മൂന്ന് വയസുകാരിയായ മകളും മരിച്ചു. അഹ്മദ് അബ്ദുറഷീദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രിയും, ഇയാളുടെ ഭാര്യയും, നാല് വയസുള്ള മകനും അപകടത്തിൽ മരണപ്പെട്ടു. അടുത്ത സുഹൃത്തുക്കളായ ഇരുവരും റിയാദിൽ കുടുംബസമേതം അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസിച്ചിരുന്നത്.
ഇതിനിടെ ജിദ്ദ, മക്ക റോഡിൽ ഓടിക്കൊണ്ടിരിക്കെ ചരക്കു ലോറിയിൽ തീ പടർന്നു പിടിച്ചു. സിവിൽ ഡിഫൻസ് അധികൃതരെത്തി തീ അണച്ചുവെങ്കിലും അപ്പോഴേക്കും ഏറെ കുറെ കത്തി നശിച്ചിരുന്നു. എന്നാൽ തീ പിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.