ഉംറ വിസകൾ അനുവദിച്ച് തുടങ്ങി; ജൂലൈ 19 മുതൽ ഉംറ സീസൺ ആരംഭിക്കും
|ജൂലൈ 19 മുതൽ ഉംറ നിർവഹിക്കാൻ മക്കയിലെത്താം. നുസുക് ആപ്പ് വഴി പെർമിറ്റെടുത്താണ് ഉംറക്കെത്തേണ്ടത്.
റിയാദ്: പുതിയ ഉംറ സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിച്ചു തുടങ്ങി. ജൂലൈ 19 മുതൽ ഉംറ നിർവഹിക്കാൻ മക്കയിലെത്താം. നുസുക് ആപ്പ് വഴി പെർമിറ്റെടുത്താണ് ഉംറക്കെത്തേണ്ടത്.
ഹജ്ജ് കർമങ്ങൾ അവസാനിച്ചതോടെയാണ് പുതിയ ഉംറ സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിച്ച് തുടങ്ങിയത്. മുഹറം 1 ( ജൂലൈ 19) മുതൽ ഉംറ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കും. നുസുക് ആപ്പ് വഴിയാണ് ഓണ്‍ലൈന്‍ ഉംറ വിസക്ക് അപേക്ഷിക്കേണ്ടത്. വിവിധ രാജ്യങ്ങളിലുള്ള മുസ്ലീംങ്ങൾക്ക് മക്കയിലേക്കും മദീനയിലേക്കും വരുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ ഇലക്ട്രോണിക് സേവനങ്ങൾ. തീർഥാടകരുടെ യാത്ര, താമസം എന്നിവ തെരഞ്ഞെടുക്കന്നതിനും നുസുക് ആപ്ലിക്കേഷനിലൂടെ സാധിക്കും.
മാത്രവുമല്ല വിവിധ ഭാഷകളിലായി മറ്റു നിരവധി സേവനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികൾക്കും, ഷെംഗൻ രാജ്യങ്ങളിലേയും, അമേരിക്ക, യു.കെ എന്നീ രാജ്യങ്ങളിലേയും വിസകളുള്ളവർക്കും സൌദിയിലെത്തുന്നതിന് മുമ്പ് തന്നെ ഉംറക്കും റൗളാ ശരീഫിൽ നമസ്കരിക്കുന്നതിനുമുള്ള പെർമിറ്റുകൾ നുസുക് ആപ്പിലൂടെ നേടാം. കൂടാതെ നിലവിൽ സൌദിയിലുള്ളവരും ഉംറക്കും റൗളാ ശരീഫിൽ നമസ്കരിക്കുന്നതിനും നുസുക് ആപ്ലിക്കേഷൻ വഴി പെർമിറ്റെടുക്കേണ്ടതാണ്.
ഏത് തരം വിസയിലെത്തുന്ന വിദേശികൾക്കും നുസുക് വഴി പെർമിറ്റെടുത്ത് ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം മുതൽ 90 ദിവസത്തേക്കാണ് ഉംറ വിസകൾ അനുവദിക്കുന്നത്. ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തെവിടെയും സഞ്ചിരിക്കാനും അനുവാദമുണ്ട്.