ഉംറ സന്ദർശനം: എ.ഐയടക്കം ആധുനിക സംവിധാനങ്ങളൊരുക്കി സൗദി
|വിമാനം, കപ്പൽ, മറ്റു വാഹനങ്ങൾ വഴി ഉംറാക്കായെത്തുന്നവർക്ക് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും
റിയാദ്: ഉംറ സന്ദർശനത്തിനുള്ള നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ആധുനിക സംവിധാങ്ങളൊരുക്കി സൗദി അറേബ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളടക്കം ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. സൗദിയിലേക്കെത്തുന്നവർക്ക് വിമാനത്തവാളങ്ങളിലെ നടപടികൾ ഇത് വഴി ലഘൂകരിക്കാനാവും. ഹജ്ജ് അവസാനിച്ചതിന് പിന്നാലെ ഉംറ വിസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ഉംറ ചെയ്യാനായി വരുന്ന ആളുകളുടെ നടപടികൾ സുഖകരവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിലൂടെ കൂടുതൽ തീർത്ഥാടകരെ സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
രാജ്യത്തേക്കുള്ള പ്രവേശന പോയിന്റുകൾ കേന്ദ്രീകരിച്ചാണ് എസ്.ഡി.എ.ഐ.എ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലൂടെ വിമാനം, കപ്പൽ, മറ്റു വാഹനങ്ങൾ വഴി ഉംറാക്കായെത്തുന്നവർക്ക് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെയും എൻട്രി പോയിന്റുകളുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയുമാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മക്ക, മദീന, കിഴക്കൻ മേഖല, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, നജ്റാൻ, ജിദ്ദ ഇസ്ലാമിക് പോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ എസ്.ഡി.എ.ഐ.എ സംവിധാനം ഉള്ളത്. സംവിധാനങ്ങൾ നിയന്ത്രിക്കുന്നത് പ്രത്യേക പരിശീലനം നേടിയ വിദഗ്ധരാണ്. ബയോമെട്രിക് ക്യാപ്ചർ, രജിസ്ട്രേഷൻ സ്റ്റേഷനുകൾ, ബയോമെട്രിക് രജിസ്ട്രേഷൻ ഉപകരണങ്ങൾ ഘടിപ്പിച്ച മൊബൈൽ കിറ്റുകൾ എന്നിവയും സംവിധാങ്ങളുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. പുതിയ സംവിധാനം ഉംറ തീർത്ഥാടകർക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.