യമനിൽ വെടിനിർത്തൽ കരാർ ദീർഘിപ്പിച്ചു; രാഷ്ട്രീയ പരിഹാരത്തിന് വഴിയൊരുക്കാൻ യുഎൻ
|യുഎസ് മധ്യസ്ഥതയിലുളള ചർച്ചക്കൊടുവിലാണ് വീണ്ടും കരാർ ദീർഘിപ്പിച്ചത്
യമനിലെ വെടിനിർത്തൽ കരാർ രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ യുദ്ധത്തിലെ വിവിധ കക്ഷികൾ തീരുമാനിച്ചു. യുഎസ് മധ്യസ്ഥതയിലുളള ചർച്ചക്കൊടുവിലാണ് വീണ്ടും കരാർ ദീർഘിപ്പിച്ചത്. യുഎസും സൗദിയും കരാറിനെ സ്വാഗതം ചെയ്തു. ദീർഘകാലാടിസ്ഥാനത്തിൽ കരാർ അപര്യാപ്തമാണെന്നും ശാശ്വത പരിഹാരം വേണമെന്നും യുഎസ് പ്രസിഡണ്ട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സൗദി സഖ്യസേന, ഹൂതികൾ, ഇതര കക്ഷികൾ എന്നിവർ ചേർന്ന് വെടിനിർത്തൽ കരാറിൽ എത്തിയത്. ഇതൊരു തവണ രണ്ട് മാസത്തേക്ക് ദീർഘിപ്പിച്ചു. കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് വീണ്ടും ദീർഘിപ്പിക്കാൻ എല്ലാവരും തീരുമാനിച്ചു. ഐക്യരാഷ്ട്രസഭാ മധ്യസ്ഥ ചർച്ചയിലാണ് തീരുമാനം.
യുഎസും സൗദിയും കരാറിനെ സ്വാഗതം ചെയ്തെങ്കിലും, ശാശ്വത പരിഹാരം വേണമെന്ന് യുഎസ് പ്രസിഡണ്ട് ആവർത്തിച്ചു. വെടിനിർത്തൽ കരാർ ഒട്ടേറെ ഗുണങ്ങളാണ് യമിലുണ്ടാക്കിയത്. എണ്ണായിരത്തിലധികം പേർക്ക് വൈദ്യ സഹായം എത്തി. വിദ്യാഭ്യാസ, ബിസിനസ് മേഖലകൾ സജീവമായി. സാധാരണക്കാരുടെ മരണം കുറഞ്ഞു. ഇന്ധനവും ഭക്ഷ്യ വസ്തുക്കളും എത്തിക്കാൻ വിമാനത്താവളങ്ങളും തുറമുഖങ്ങളും തുറന്നു തുടങ്ങി. യുദ്ധം തുടങ്ങിയ 2014ന് ശേഷം ഏറ്റവും സമാധാനമുള്ള അന്തരീക്ഷത്തിലാണ് നിലവിൽ യമൻ. സൗദിയും യുഎഇയും ഒന്നിച്ച് യമനിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ധനസഹായവും നൽകിയിട്ടുണ്ട്.
അനിശ്ചിത കാല വെടിനിർത്തലാണ് ഇനി ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം. സൗദി അറേബ്യക്ക് എങ്ങിനെയെങ്കിലും യുദ്ധം അവസാനിപ്പിക്കാനാണ് താൽപര്യം. എങ്കിലും സങ്കീർണമാണ് യമനിലെ രാഷ്ട്രീയ സ്ഥിതി. പ്രധാന വിമത വിഭാഗമായ ഇറാൻ പിന്തുണയുളള ഹൂതികൾക്കിടയിൽ തന്നെ ഉപ വിഭാഗങ്ങളുണ്ട്. യുഎഇ പിന്തുണയുള്ള തെക്കൻ വിഭജന വാദികൾ മറു വശത്ത്. സർക്കാറും മറ്റു കക്ഷികളും വേറെയും. എല്ലാവരും അധികാരം പിടിച്ചെടുക്കാനുളള ശ്രമം നടത്തുന്നതിനാൽ അത്ര എളുപ്പമാകില്ല രാഷ്ട്രീയ പരിഹാരം. പ്രശ്നം അവസാനിപ്പിക്കാൻ ഹൂതികളെ പിന്തുണക്കുന്ന ഇറാനുമായി സൗദി ചർച്ച നടത്തുന്നുണ്ട്.
സൗദിയുമായുള്ള വിലപേശലിന് ഹൂതികളെ ഉപയോഗിച്ച് ഇറാൻ കളിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്. യമനിലെ സമാധാനം പുലരാൻ അടുത്ത ഘട്ടമായി വേണ്ടത് തൈസ് നഗരം തുറക്കലാണ്. ഹൂതി നിയന്ത്രണത്തിലുള്ള ഈ മേഖല കൂടി തുറന്നാൽ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കാനായേക്കും.