സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു; സ്ത്രീ തൊഴിൽ പങ്കാളിത്തത്തിൽ വർധനവ്
|ജനറൽ അതോറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്
ജിദ്ദ: സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായി റിപ്പോർട്ട്. സ്വദേശി സ്ത്രീകളിലെ തൊഴിൽ പങ്കാളിത്തം വർധിച്ചു. ജനറൽ അതോറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
സൌദിയിലെ സ്വദേശികളിൽ സര്‍ക്കാര്‍ മേഖലയില്‍ 52.6 ശതമാനം പേരും, സ്വകാര്യ മേഖലയില്‍ 47 ശതമാനം പേരുമാണ് ജോലി ചെയ്യുന്നത്. സ്വകാര്യമേഖലയില്‍ 68.1 ശതമാനം വിദേശികളും ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ 8 ശതമാനമായിരുന്നു സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഈ വർഷം ആദ്യ പാദത്തിലെത്തിയപ്പോൾ ഇത് 8 ദശാംശം 5 ശതമാനമായി ഉയർന്നു.
അതേസമയം, രാജ്യത്ത് വിദേശികളിലേയും സ്വദേശികളിലേയും ആകെയുള്ള തൊഴിലില്ലായ്മ നിരക്ക് ഈ വർഷത്തിൻ്റെ ആദ്യ പാദത്തിൽ 5.1 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഇത് 4.8 ശതമാനമായിരുന്നു. തൊഴിൽ കമ്പോളത്തിൽ സൌദി സ്ത്രീകളുടെ പങ്കാളിത്തത്തിൽ വൻ വർധനയാണുണ്ടായത്. മൂന്ന് മാസത്തിനുള്ളിൽ 36 ശതമാനം വർധിച്ചു. എന്നാൽ ജനസംഖ്യാ വർധനവിനനുസൃതമായുള്ള വ്യത്യാസമാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനസംഖ്യയുമായുള്ള താരതമ്യത്തില്‍ സ്വദേശികളുടെ തൊഴില്‍ നിരക്ക് 48 ശതമാനമായി കുറഞ്ഞു.