Saudi Arabia
unified national platform for visa services in Saudi Arabi
Saudi Arabia

സൗദിയിൽ വിസാ സേവനങ്ങൾക്കായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം

Web Desk
|
19 Dec 2023 6:39 PM GMT

പുതിയ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജിദ്ദ: സൗദിയിൽ വിസാ സേവനങ്ങൾക്കായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചു. ഇനി മുതൽ 'സൗദി വിസ' എന്ന പേരിൽ ആരംഭിച്ച പുതിയ പോർട്ടലിലൂടെയാണ് എല്ലാത്തരം വിസകളും അനുവദിക്കുക. പുതിയ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

30ലധികം മന്ത്രാലയങ്ങൾ, അതോറിറ്റികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന 'സൗദി വിസ' പോർട്ടൽ, വിസ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുമെന്ന് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൽ ഹാദി അൽ മൻസൂരി പറഞ്ഞു. ഇന്ന് ആരംഭിച്ച രണ്ടാമത് ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജ്, ഉംറ വിസകളും ബിസിനസ്, ഫാമിലി, വിസിറ്റ്, തൊഴിൽ വിസകളും പുതിയ പ്ലാറ്റ് ഫോമിലൂടെ വേഗത്തിൽ നേടാം. നേരത്തെ വിസ അനുവദിക്കാൻ അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കാൻ കഴിയും.

ഓരോരുത്തർക്കും ഏതെല്ലാം തരം വിസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്ന സ്‌മാർട്ട് സെർച്ച് എൻജിൻ സംവിധാനം സൗദി വിസ പ്ലാറ്റ്ഫോമിൻ്റെ പ്രധാന പ്രത്യേകതയാണ്. കൂടാതെ വിസകൾ നൽകുന്നതിനും പിന്നീട് വീണ്ടും അപേക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത വ്യക്തിഗത പ്രൊഫൈലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡാറ്റകളുടെ സാധുത പരിശോധിക്കുകയെന്നും അൽ മൻസൂരി പറഞ്ഞു.



Similar Posts