സൗദിയിലെ സ്വകാര്യ സ്‌കൂളുകളിൽ ഏകീകൃത കരാർ നിർബന്ധമാക്കുന്നു
|സ്‌കൂളും രക്ഷിതാക്കളും അംഗീകരിക്കുന്ന കരാർ മുഖേന ഇരു കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം
ദമ്മാം: സൗദിയിൽ സ്വകാര്യ സ്‌കൂളുകളിൽ ഏകീകൃത ഇലക്ട്രോണിക് രജിസ്‌ട്രേഷൻ കരാർ നിർബന്ധമാക്കുന്നു. സ്‌കൂളും രക്ഷിതാക്കളും അംഗീകരിക്കുന്ന കരാർ മുഖേന ഇരു കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. സൗദി വിദ്യഭ്യാസ മന്ത്രാലയവും നീത്യന്യായ മന്ത്രാലയവും ചേർന്നാണ് കരാറിന് രൂപം നൽകിയത്.
സ്‌കൂളുകളും വിദ്യാർഥികളുടെ രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കരാർ വഴി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വകാര്യ സ്‌കൂളുകൾക്കുള്ള ഏകീകൃത ഇലക്ട്രോണിക് കരാറിന്റെ പ്രഖ്യാപനം നീതിന്യായ മന്ത്രി ഡോക്ടർ വലീദ് അൽസമാനിയും വിദ്യഭ്യാസ മന്ത്രി യുസുഫ് അൽബുനിയാനും ചേർന്ന് പ്രഖ്യാപിച്ചു. സുതാര്യതയും വ്യക്തതയും ഉറപ്പ് വരുത്തി നിയമപരമായ ചട്ടക്കൂടിനുള്ളിൽ ഇരു കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നതായിരിക്കും കരാർ.
പാഠ്യപദ്ധതി കൃത്യമായി നൽകൽ, നിശ്ചിത സമയങ്ങളിൽ സ്‌കൂൾ ഫീസ് അടയ്ക്കൽ, സ്‌കൂളിനുള്ളിൽ പെരുമാറ്റവും അച്ചടക്കവും നിലനിർത്തൽ എന്നിവ ഉൾപ്പെടെ സ്വകാര്യ സ്‌കൂളുകളുടെയും രക്ഷിതാക്കളുടെയും പരസ്പര ബാധ്യതകൾ കരാറിൽ ഉൾപ്പെടും. പുതിയ ഏകീകൃത കരാർ ചട്ടങ്ങൾ അനുസരിച്ച്, ഫീസ് അടയ്ക്കുന്നതിൽ രക്ഷിതാവിന് വീഴ്ച സംഭവിച്ചാൽ വിദ്യാർഥികളെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽനിന്ന് തടയില്ല, പകരം വിദ്യാഭ്യാസം വിദ്യാർഥിയുടെ ഒരു അടിസ്ഥാന അവകാശമായി കണക്കാക്കി സ്‌കൂളുകൾ ക്ലാസുകൾ അനുവദിക്കണം. എന്നാൽ ഫീസ് ബാധ്യത രക്ഷിതാവിന്റെ സാമ്പത്തിക ബാധ്യതയായി താമസ രേഖയിൽ അടയാളപ്പെടുത്തുകയും ചെയ്യും.