സൗദിയിൽ ഇനി മുതൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം
|സൗദി ദേശീയ വസ്ത്രമോ അല്ലെങ്കിൽ കറുത്ത പാന്റും ചാരനിറത്തിലുള്ള ഫുൾകൈ ഷർട്ടും യൂണിഫോമായി ധരിക്കാം.
സൗദിയിൽ ഇനി മുതൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം. സ്വകാര്യ ഓൺലൈൻ ടാക്സികളിലെ ജീവനക്കാർക്ക് നിബന്ധന ബാധകമാണ്. സൗദി ദേശീയ വസ്ത്രമോ അല്ലെങ്കിൽ കറുത്ത പാന്റും ചാരനിറത്തിലുള്ള ഫുൾകൈ ഷർട്ടും യൂണിഫോമായി ധരിക്കാം. നിബന്ധന ലംഘിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തും.
രാജ്യത്തെ ടാക്സി ഡ്രൈവർമാർ പൊതു ഗതാഗത അതോറിറ്റി അംഗീകരിച്ച യൂണിഫോം ധരിക്കൽ ഇന്ന് മുതൽ നിർബന്ധമാകും. പബ്ലിക് ടാക്സി, എയർപോർട്ട് ടാക്സി, സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളെ അവലംബിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളിലെ ഡ്രൈവർമാർ എന്നിവർക്കാണ് നിബന്ധന ബാധകമാകുക. സൗദി ദേശീയ വസ്ത്രമായ തോപ്പ് അല്ലെങ്കിൽ കറുത്ത പാന്റും ചാര നിറത്തിലുള്ള ഫുൾകൈ ഷർട്ടുമാണ് ധരിക്കേണ്ടത്. കമ്പനി ടാകിസികളിലെ ജീവനക്കാർക്ക് അതത് കമ്പനികൾ യൂണിഫോം ലഭ്യമാക്കണം.
യൂണിഫോം അണിഞ്ഞ് ജോലിചെയ്യുക, തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കുക, യാത്രക്കാരോട് മാന്യതയോട് കൂടി പെരുമാറുക തുടങ്ങിയവ ടാക്സി ഡ്രൈവർമാർ കൃത്യമായി പാലിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി നിർദേശിച്ചു. നിയമം പാലിക്കാത്തവർക്കെതിരെ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.