ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടുക: പ്രവാസി വെൽഫെയർ
|ദമ്മാം: ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള സംഘ് പരിവാർ സർക്കാറിൻ്റെ നീക്കത്തെ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളടക്കമുള്ളവർ ഒറ്റക്കെട്ടായി നേരിടമെന്നും, ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിൽ വംശീയമായി ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമാണിതെന്നും പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം. രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറ് കണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതില്ലാതാക്കി വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം തള്ളികളയുമെന്നും വിഷയം അവതരിപ്പിച്ചു കൊണ്ട് ഈസ്‌റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡൻ്റ് മുഹ്സിൻ ആറ്റശ്ശേരി പറഞ്ഞു.
2024 ൽ ബി ജെ പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടുകൊണ്ടിയിരിക്കുന്ന സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് ആ ഐക്യത്തെ തുരങ്കം വെക്കാനുള്ള തന്ത്രമാണിത്. ഈ ഗൂഢ തന്ത്രം തിരിച്ചറിയാനുള്ള വിവേകം എല്ലാ പ്രതിപക്ഷ പാർട്ടികളും പുലർത്തണം. 2019 ൽ സവർണ്ണ സംവരണം കൊണ്ടു വന്നാണ് പ്രതിപക്ഷ നിരയിലെ ഐക്യം ബി ജെ പി തകർത്തത് അതിൻ്റെ ദുരന്തഫലം രാജ്യം ഇന്ന് അനുഭവിക്കുകയാണ്. ഒരു മത വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി ഏകീകൃത സിവിൽകോഡിനെ കാണാനാകില്ല.
രാജ്യത്തിൻ്റെ ഫെഡറലിസവും അതുവഴിയുള്ള പരസ്പര സഹകരണവും തകർക്കാനുള്ള നീക്കമാണ് ഇതെന്ന് കണ്ട് പ്രവാസ ലോകത്ത് നിന്നുള്ള ശക്തമായ പ്രതിഷേധങ്ങളും ഉയർന്ന് വരണമെന്നും പ്രവാസി വെൽഫെയർ റീജീയണൽ കമ്മിറ്റി പ്രസിഡൻറ് റഹീം തീരൂർക്കാട് പറഞ്ഞു. വിവിധ രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് മഹ്മൂദ് പൂക്കാട് (കെ.എം.സി.സി.), റസാഖ് ആലുംപടി (വെൽഫെയർ പാർട്ടി - ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം), മുഷാൽ തഞ്ചേരി (സൗദി മലയാളി സമാജം), മുഹമ്മദ് റഫീഖ് ( തനിമ ), ബൈജു കുട്ടനാട്, ഡോ. ജൗഷിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. റഊഫ് ചാവക്കാട് സ്വാഗതവും, ബിജു പൂതകുളം നന്ദിയും പറഞ്ഞു. ജമാൽ കൊടിയത്തൂർ, ആഷിഫ് കൊല്ലം, ജമാൽ പയ്യന്നൂർ, സലീം കണ്ണൂർ, ഷമീം, അബ്ദുള്ള സൈഫുദ്ധീൻ, തൻസീം കണ്ണൂർ എന്നിവർ നേതൃത്വം നൽകി.