സൗദിയിലേക്ക് യുഎസിന്റെ സൈനിക സഹായം; 500 ദശലക്ഷം ഡോളറിന്റെ കരാറായി
|ഇരട്ട എഞ്ചിനും അത്യാധുനിക സംവിധാനവുമുള്ള ചിനൂക് ഹെലികോപ്റ്ററുകളിൽ സൗദിക്ക് പരിശീലനവും കരാർ പ്രകാരം യുഎസ് നൽകും.
സൗദി അറേബ്യക്ക് സൈനിക ഉപകരണങ്ങൾ നൽകുന്നതിനും അവയുടെ അറ്റകുറ്റ പണികൾക്കും അമേരിക്ക കരാർ തയാറാക്കി. 500 ദശലക്ഷം ഡോളറിന്റെ കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് അംഗീകാരം നൽകിയത്. പ്രസിഡണ്ടായി ജോ ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ് ഇത്ര വലിയ തുകക്ക് യുഎസ് സൗദിയുമായി കരാറുണ്ടാക്കുന്നത്.
നിലവിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കരാർ ഒപ്പുവെച്ചു. അംഗീകാരത്തിനായി യുഎസ് കോൺഗ്രസിന് കരാർ അയച്ചിട്ടുണ്ട്. സൗദിയിലേക്ക് യുഎസ് നൽകുന്ന ആയുധനങ്ങളുടെ മേൽനോട്ടവും ഇവക്കാവശ്യമായ അറ്റകുറ്റപ്പണികളും കരാർ പ്രകാരം പൂർത്തിയാക്കും. ഇരട്ട എഞ്ചിനും അത്യാധുനിക സംവിധാനവുമുള്ള ചിനൂക് ഹെലികോപ്റ്ററുകളിൽ സൗദിക്ക് പരിശീലനവും കരാർ പ്രകാരം യുഎസ് നൽകും.
എന്നാൽ ഹെലികോപ്റ്ററുകൾ സൗദി എവിടെ നിന്നാണ് വാങ്ങുന്നതെന്ന് വ്യക്തമല്ലെന്ന് പെന്റഗൺ പറയുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിരതക്കും സാമ്പത്തിക വളർച്ചക്കും ഇത് സഹായിക്കുമെന്നും പെന്റഗൺ ചൂണ്ടിക്കാട്ടി. മേഖലയിലെ സുപ്രധാന ശക്തിയായ സൗദിയുടെ സുരക്ഷക്കും യുഎസിന്റെ വിദേശ നയത്തിന്റെ പിന്തുണക്കും കരാർ സഹായകരമാകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാർത്താ കുറിപ്പിൽ പറഞ്ഞു. യമൻ വിഷയത്തിൽ സൗദിക്കെതിരെ ജോ ബൈഡൻ നിലപാടെടുത്തേക്കും എന്ന വാർത്തകൾക്കിടയിലാണ് കരാർ ഒപ്പിട്ടത്.