Saudi Arabia
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും
Saudi Arabia

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും

Web Desk
|
21 May 2022 6:21 PM GMT

യുഎസ് പ്രസിഡന്‍റായ ശേഷം ബൈഡന്‍ ആദ്യമായാണ് സൗദിയിലെത്തുന്നത്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും. യുഎസ് പ്രസിഡന്‍റ് ആയ ശേഷം ബൈഡന്‍ ആദ്യമായാണ് സൗദിയിലെത്തുന്നത്. കിരീടാവകാശിയുമായി ജോ ബൈഡന്റെ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്. ഇറാനുമായുള്ള ആണവ കരാർ വിഷയത്തിൽ സൗദിയുമായുള്ള യുഎസ് ബന്ധം ഊഷ്മളമായിരുന്നില്ല.

അടുത്ത മാസം സൗദിയിലെത്തുന്ന ജോ ബൈഡൻ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തും. യുഎസ് മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്. അമേരിക്കൻ പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം ജോ ബൈഡൻ ഇതുവരെ സൗദി അറേബ്യ സന്ദർശിക്കുകയോ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. ജോ ബൈഡനും സൗദി കിരീടാവകാശിയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ മാസങ്ങളിൽ ഉദ്യോഗസ്ഥർ സൗദി ഗവൺമെന്റ് അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു.

എണ്ണ ഉൽപ്പാദനം സംബന്ധിച്ച് സൗദി അറേബ്യയുമായി ചർച്ച നടത്തിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് വിഷയങ്ങളിൽ സൗദിയും യുഎസും തമ്മിൽ ബന്ധം ഉലഞ്ഞിരുന്നു. ഒന്ന് യെമനിലെ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക പ്രചാരണത്തിനുള്ള യുഎസ് പിന്തുണ വെട്ടിക്കുറച്ചതാണ്. രണ്ടാമത്തേത് ജമാൽ ഖശോഗി വിഷയത്തിൽ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് പുറത്ത് വിടാനുള്ള യുഎസ് തീരുമാനം. മൂന്ന് ഇറാനുമായുള്ള 2015ലെ ആണവ കരാർ പുനസ്ഥാപിക്കാൻ യുഎസ് നടത്തിയ നീക്കം. നിലവിൽ ഉക്രെയ്‌ൻ അധിനിവേശത്തെത്തുടർന്ന് ആഗോള തലത്തിൽ വിലയേറ്റവും എണ്ണക്ഷാമവും പ്രകടമാണ്. ഈ വിഷയങ്ങൾ ചർച്ചയിൽ വരുമെന്നാണ് വിവരം. കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.


Similar Posts