Saudi Arabia
എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനം: സൗദി അറേബ്യക്ക് മേൽ സമ്മർദ്ദവുമായി യു.എസ്
Saudi Arabia

എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനം: സൗദി അറേബ്യക്ക് മേൽ സമ്മർദ്ദവുമായി യു.എസ്

ഇജാസ് ബി.പി
|
12 Oct 2022 6:15 PM GMT

എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ രൂപപ്പെട്ടത്

വിവിധ വിഷയങ്ങളിൽ സൗദി അറേബ്യക്ക് മേൽ അമേരിക്ക സമ്മർദം ശക്തമാക്കുന്നു. ഹൂത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദിക്ക് ആയുധം നൽകുമെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആയുധം കൈമാറുന്നത് സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് പറയുന്നത്. എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ രൂപപ്പെട്ടത്.

യമനിലെ ഹൂത്തികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൻതുകയുടെ ആയുധങ്ങൾ സൗദി അറേബ്യക്ക് കൈമാറാൻ നേരത്തെ അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയതാണ്. ജോ ബൈഡന്റെ സൗദി സന്ദർശനത്തെ തുടർന്ന് ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. എണ്ണ ഉത്പാദനം ഗണ്യമായി ഉയർത്തി വില കുറക്കാൻ നടപടിവേണമെന്ന് പ്രധാന എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യക്ക് മേൽ ബൈഡൻ കനത്ത സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ ഉത്പാദക രാജ്യങ്ങളുടെ പൊതുകൂട്ടായ്മയായ ഒപെക് തീരുമാനത്തിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു സൗദി അറേബ്യ.

എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന ഒപെകിന്റെ പുതിയ പ്രഖ്യാപനത്തോടെ അമേരിക്ക സൗദി ബന്ധത്തിൽ വീണ്ടും വിള്ളൽ വീണിരിക്കുകയാണ്. സൗദി ബന്ധത്തിൽ പുനഃപരിശോധന നടത്തുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചതായി വൈറ്റ്ഹൗസ് സുരക്ഷാ വക്താവ് ജോൺ കിർബി പ്രതികരിച്ചു. റഷ്യക്കൊപ്പം എണ്ണ ഉത്പാദനം കുറക്കാനുള്ള ഒപെക് തീരുമാനം മുൻനിർത്തി കൂടുതൽ കടുത്ത നടപടികൾ വേണമെന്ന സമ്മർദത്തിലാണ് ബൈഡൻ ഭരണകൂടം.

അതേസമയം, റഷ്യക്കൊപ്പം ചേർന്ന് എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കാൻ ഒപെക് നേതൃത്വം തീരുമാനിച്ചെന്ന ആരോപണം സൗദി അറേബ്യ തള്ളി. റഷ്യയുടെ നിലപാടിനെ തങ്ങൾ പിന്തുണച്ചിട്ടില്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. സിഎൻ.എൻ ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണവിപണിയുടെ സന്തുലിതത്വം മാത്രമാണ് ഒപെക് മുന്നിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉത്പാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ഒപെകിലെ 22 രാജ്യങ്ങളും കൂട്ടായാണ് കൈക്കൊണ്ടത്. എണ്ണവിപണി അതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും മന്ത്രി വിശദീകരിച്ചു. യുക്രൈയിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തെ ശക്തമായി എതിർത്ത രാജ്യം കൂടിയാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളും നയതന്ത്ര തലത്തിൽ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് സൗദിക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

US pressure on Saudi Arabia after decision to cut oil production

Similar Posts