'ഒട്ടകത്തെ തൊട്ട് കളിക്കരുത്': നമ്മള്‍ വിചാരിക്കുന്ന അത്ര നിസാരക്കാരനല്ല ഒട്ടകമെന്ന് അമേരിക്കയില്‍ പഠനം
|കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ഒട്ടക മാംസത്തില്‍ നിന്നുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങളും ഒട്ടകപ്പാലിലെ ആന്റി ബാക്ടീരിയലും സഹായിക്കുന്നതായി ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്
അമേരിക്കന്‍ ഗവേഷകയായ ക്രിസ്റ്റീന ആഡംസ് വെളിപ്പെടുത്തിയതനുസരിച്ച് ഒട്ടകമെന്നത് വെറുമൊരു ജീവിയല്ല. മറിച്ച് ഒട്ടകപ്പാലിന്റെയും മാംസത്തിന്റെയും ഗുണങ്ങള്‍ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണെന്നാണ് ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെ എഴുതിയ ക്രിസ്റ്റീനയുടെ കണ്ടെത്തല്‍.
ഒട്ടകത്തിന്റെ ഗുണങ്ങളും പ്രാധാന്യവും തിരിച്ചറിയാനായി താന്‍ നിരവധി പഠനങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും നടത്തിയിട്ടുണ്ടെന്നും തന്റെ മകന്‍ കാരണമാണ് ഒരു ഗവേഷകയെന്ന നിലയില്‍ താന്‍ ഒട്ടകങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചതെന്നും ക്രിസ്റ്റീന പറയുന്നു.
ഒട്ടകം ഒരു പുരാതന മൃഗമാണ്. മുന്‍കാലങ്ങളില്‍ ധാരാളം ആവശ്യങ്ങള്‍ക്കായി ഒട്ടകത്തെ ഉപയോഗിച്ചിരുന്നു. അറേബ്യന്‍ ഗോത്രങ്ങള്‍ക്കും വംശങ്ങള്‍ക്കുമാണ് അവയുടെ വില നന്നായി അറിയാവുന്നത്. നിര്‍ഭാഗ്യവശാല്‍ ഒട്ടകങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ലോകത്ത് വളരെ കുറവാണെന്നും ഒട്ടകങ്ങളെക്കുറിച്ചുള്ള ആദ്യത്തെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ഒട്ടകപ്പാലിന്റെ ശാസ്ത്രീയ ആരോഗ്യ വശങ്ങളെക്കുറിച്ച് വിശദീകരിച്ച് ക്രിസ്റ്റീന പറഞ്ഞു:
'പ്രതിരോധശേഷിയുടെ കാര്യത്തില്‍ ഒട്ടകപ്പാലിനുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. ഓട്ടിസം ബാധിച്ച തന്റെ മകന് വേണ്ടിയാണ് താന്‍ ആദ്യമായി ഒട്ടകപ്പാല്‍ ഉപയോഗച്ചത്. മകന് ബാധിച്ച ഓട്ടിസത്തെക്കുറിച്ച് ധാരാളം പഠിക്കാന്‍ നിര്‍ബന്ധിതയായപ്പോള്‍ 5 വര്‍ഷം താന്‍ ആ വിഷയത്തില്‍ ഗവേഷണം നടത്തി. ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുന്നതിലൂന്നി ഒരു പുസ്തകവും എഴുതി. അതിനിടയിലാണ് ഒട്ടകത്തിന്റെ ഉപയോഗം എന്താണെന്ന് ഒരാളില്‍ നിന്ന് താന്‍ അറിയുന്നതെന്നും രോഗികള്‍ക്ക് ചികിത്സാവശ്യാര്‍ത്ഥം ആശുപത്രികളിലേക്ക് അയാള്‍ ഒട്ടകപ്പാല്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞതായും ക്രിസറ്റീന പറഞ്ഞു.
അലര്‍ജിക്ക് കാരണമാകുന്ന സംയുക്തങ്ങളൊന്നും അടങ്ങിയിട്ടില്ലാത്തതിനാല്‍ അതിന്റെ പാല്‍ മകന് നല്‍കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണവും പഠനവും നടത്തി. ഒരു സുഹൃത്ത് വഴി ഒട്ടകപ്പാല്‍ അമേരിക്കയിലെത്തിച്ച് മകന് കുടിക്കാന്‍ നല്‍കിയതിനു ശേഷം മകന്‍ നന്നായി സംസാരിച്ചതായും മറ്റു സാധാരണകുട്ടികളെപ്പോലെ തന്നെ പെരുമാറാന്‍ ആരംഭിച്ചതായും ക്രിസ്റ്റീന പറയുന്നു.
തുടര്‍ന്നാണ് ഓട്ടിസം ബാധിച്ചവര്‍ക്ക് വേണ്ടി ഒട്ടകപ്പാല്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ എഴുതാന്‍ ക്രിസ്റ്റീന തീരുമാനിക്കുന്നത്. ഇത് കൂടാതെ, മറ്റു ചില രോഗങ്ങളുടെ ചികിത്സയിലും ഒട്ടകപ്പാല്‍ ഉപയോഗിക്കാമെന്ന് ചില അമേരിക്കന്‍ ഗവേഷകര്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.
കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ഒട്ടക മാംസത്തില്‍ നിന്നുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങളും ഒട്ടകപ്പാലിലെ ആന്റി ബാക്ടീരിയലും സഹായിക്കുന്നതായി ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ഒട്ടകങ്ങളെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ ഗവേഷണവും പഠനങ്ങളും ആവശ്യമാണെന്നും ശാസ്ത്രലോകം അതിനെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് ക്രിസ്റ്റീന ആവശ്യപ്പെടുന്നത്.