രാജ്യത്തിനകത്ത് നിന്ന് ഹജ്ജിന് പോകുന്നവർക്കും വാക്സിനേഷൻ നിർബന്ധം; സൗദി ആരോഗ്യ മന്ത്രാലയം
|വിദേശത്ത് നിന്ന് വരുന്നവരും യാത്രയുടെ പത്ത് ദിനം മുന്നേ വാക്സിനേഷൻ ഉറപ്പാക്കണം
മക്ക: സൗദിക്കകത്ത് നിന്നും ഹജ്ജിന് പോകുന്നവർ വാക്സിനേഷൻ സ്വീകരിച്ചവരാകണമെന്ന് ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് വരുന്നവരും യാത്രയുടെ പത്ത് ദിനം മുന്നേ വാക്സിനേഷൻ ഉറപ്പാക്കണം. ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത സാമൂഹിക ആരോഗ്യ അന്തരീക്ഷത്തിൽ എത്തുന്നവരാണ് തീർഥാടകർ. ഓരോരുത്തരുടേയും സുരക്ഷ ഉറപ്പാക്കാനാണ് വാക്സിനേഷൻ നിർബന്ധമാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൗദിക്ക് അകത്തു നിന്നും ഹജ്ജിനായി വരുന്നവർ കഴിഞ്ഞ അഞ്ച് വർഷത്തിനകം കോവിഡ് പ്രതിരോധം ഉൾപ്പെടെ വാക്സിൻ ഉറപ്പാക്കണം. മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ലുവൻസ കുത്തിവെപ്പുകളും തീർഥാടകർ സ്വീകരിക്കണം. അഞ്ച് വർഷത്തിനകം ഇവ സ്വീകരിച്ചത് സിഹത്തി ആപ്പിലുണ്ടാകണം. ഇതാണ് സൗദിയിൽ നിന്നും ഹജ്ജിനായി എത്തുന്നവർക്കുള്ള നിർദേശം. ഹജ്ജ് നിർവഹിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും നിയമം ബാധകമാണ്. ഇവർ മക്കയിലെത്തുന്നതിന് പത്ത് ദിവസം മുമ്പേ പ്രതിരോധ വാക്സിൻ പൂർത്തിയാക്കണം. തീർഥാടകർ ഹജ്ജിന് മുന്നോടിയായി മികച്ച ആരോഗ്യാവസ്ഥ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.