Saudi Arabia
Victory in Thrissur cannot be considered a political victory for BJP: Adv: Anil Bose
Saudi Arabia

തൃശൂരിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ വിജയമായി കണക്കാക്കാൻ കഴിയില്ല: അഡ്വ. അനിൽ ബോസ്

Web Desk
|
23 July 2024 2:43 PM GMT

'ജയിച്ചത് പാർട്ടിയായിരുന്നെങ്കിൽ നന്ദി പറയേണ്ടത് പാർട്ടിക്കായിരുന്നു. എന്നാൽ സുരേഷ് ഗോപി നന്ദി പറഞ്ഞത് മറ്റു പലർക്കുമാണ്'

റിയാദ്: തൃശൂരിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ വിജയമായി കണക്കാക്കാൻ കഴിയില്ലെന്ന് കെപിസിസി വക്താവ് അഡ്വ. അനിൽ ബോസ്. വിജയിച്ച ബിജെപി സ്ഥാനാർഥി നന്ദി പറഞ്ഞതാർക്കൊക്കെയാണെന്ന് എല്ലാവർക്കും അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.

ജയിച്ചത് പാർട്ടിയായിരുന്നെങ്കിൽ നന്ദി പറയേണ്ടത് പാർട്ടിക്കായിരുന്നു. എന്നാൽ സുരേഷ് ഗോപി നന്ദി പറഞ്ഞത് മറ്റു പലർക്കുമാണ്. തൃശൂരിലെ പരാജയത്തിന് ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നില്ല. പല സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരസഹായമില്ലാതെ ഒരു പാർട്ടിക്കും ഗവൺമെന്റ് ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. അതേസമയം ഒറ്റ കക്ഷി എന്ന നിലയിൽ ബിജെപിക്കാണ് അവസരം കൂടുതലായി ലഭിച്ചത്. നേർ വഴിയിലൂടേയും നെറികെട്ട വഴിയിലൂടെയും അവരതുപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് കരുത്താർജിച്ചതോടെ ശക്തമായ പ്രതിപക്ഷമാകാൻ ഇനി കഴിയും. ഭരണഘടന സംരക്ഷിക്കാനും തെറ്റുകളെ ചോദ്യം ചെയ്യാനുമുള്ള നിലയിലേക്ക് കോൺഗ്രസ് വളർന്നിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രവാസി സമൂഹവും തൊഴിലാളികളും തങ്ങളുടെ കൂടെ നിന്നതിനാലാണ് ഇതെല്ലം സാധ്യമായത്. തുടർന്നും ജനാധിപത്യ മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടായിരിക്കും കോൺഗ്രസിന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. സജീർ പൂന്തുറ, നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപള്ളി, അശ്‌റഫ് മേച്ചേരി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Similar Posts