സംഘ്പരിവാർ പദ്ധതികൾക്കെതിരെ ജാഗ്രത ശക്തിപ്പെടുത്തണം: പ്രവാസി വെൽഫെയർ
|ദമ്മാം: പൊതു തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ വ്യാജങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ചും സാമുദായിക ധ്രുവീകരണ നീക്കങ്ങളിലൂടെയും കേരളത്തിൽ അധികാര രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനുള്ള സംഘ്പരിവാർ പദ്ധതികൾക്കെതിരെ സാമൂഹികവും രാഷ്ട്രീയവുമായ ജാഗ്രത ശക്തിപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
സാമുദായിക സൗഹാർദ്ദത്തിനും സമാധാന പൂർണ്ണമായ സഹവർത്തിത്വത്തിനും പൊതുവിൽ പേര് കേട്ട സംസ്ഥാനമാണ് കേരളം. കഴിഞ്ഞ കാലങ്ങളിൽ ധ്രുവീകരണ ശ്രമങ്ങൾ നടത്തിയിട്ടും കേരളം സംഘ്പരിവാറിന് വഴങ്ങിക്കൊടുത്തിട്ടില്ല. എന്നാൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഉന്നം വെച്ച് കൊണ്ട് സംഘ്പരിവാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കേരളത്തിൽ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടിയാണന്നും പ്രസിഡന്റ് ഷബീർ ചാത്തമംഗലം പറഞ്ഞു.
ദമ്മാമിൽ നടന്ന സെൻട്രൽ കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സുനില സലീം, കമ്മിറ്റി അംഗങ്ങളായ മുഹ്‌സിൻ ആറ്റശ്ശേരി, സാബിക്ക് കോഴിക്കോട്, റഊഫ് ചാവക്കാട്, ജമാൽ കൊടിയത്തൂർ സമീഉള്ള കൊടുങ്ങല്ലൂർ, ബിജു പൂതക്കുളം, ജംഷാദലി കണ്ണൂർ, അൻവർ സലീം, അബ്ദു റഹീം തിരൂർക്കാട്, ഷജീർ തൂണേരി എന്നിവർ പങ്കെടുത്തു.