നിയമ ലംഘനം; വിമാന കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ 55 ലക്ഷം റിയാൽ പിഴ ചുമത്തി
|പിഴ ചുമത്തിയ കമ്പനികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
ദമ്മാം: സൗദിയിൽ സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചതിന് 55 ലക്ഷം റിയാൽ പിഴ ചുമത്തി. എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കുമാണ് ഗാക്ക (ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ) പിഴ ഇട്ടത്. 2024 ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഏയർലൈനുകളുടെ ഭാഗത്തു നിന്നും 111 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ഗാക്കയുടെ റിപ്പോർട്ടിൽ പറയുന്നു.
യാത്രക്കാർക്കുള്ള പ്രീ രജിസ്ട്രേഷൻ സംവിധാനം സംബന്ധിച്ച അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, ടൈം സ്ലോട്ടുകൾ പാലിക്കുന്നതിലെ കൃത്യതയില്ലായമ എന്നീ നിയമ ലംഘനങ്ങളിലാണ് നടപടി. ഈ ഇനത്തിൽ 3650000 റിയാൽ പിഴയായി കമ്പനികൾക്ക് ചുമത്തി.
ഇതിന് പുറമേ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് എയർലൈനുകൾക്കെതിരെ 31 പരാതികളിന്മേൽ നടപടി സ്വീകരിക്കുകയും ചെയ്തു. ഈ ഇനത്തിൽ 1310000 റിയാലും പിഴയായി ഈടാക്കിയതായി ഗാക്ക വ്യക്തമാക്കി. പിഴ ചുമത്തിയ കമ്പനികളുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.