ജിസിസി രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വിസ: പ്രവാസികളുടെ കുടുംബങ്ങൾക്കും ലഭ്യമാകും
|സൗദിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് ജിസിസിയിൽ വിസയുള്ള പ്രവാസി കൂടെയുണ്ടാകണമെന്നത് മാത്രമാണ് നിബന്ധന
ഗൾഫ് രാജ്യങ്ങളിൽ വിസയുള്ള പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഇനി സൗദിയിലേക്ക് ഉംറക്കും ടൂറിസത്തിനുമായി വരാം. നാട്ടിലുള്ള ബന്ധുക്കൾക്കും ജിസിസിയിൽ വിസയുള്ളയാൾക്കൊപ്പം ഇനി സൗദിയിലേക്ക് ടൂറിസം വിസ ലഭിക്കും. ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് ജിസിസിയിൽ വിസയുള്ള പ്രവാസി കൂടെയുണ്ടാകണമെന്നത് മാത്രമാണ് നിബന്ധന. ഗൾഫ് രാജ്യങ്ങളിൽ ഏത് പ്രൊഫഷനിൽ ജോലി ചെയ്യുന്ന പെർമനന്റ് വിസയുള്ള പ്രവാസികൾക്കും സൗദിയിലേക്ക് ടൂറിസം വിസയിൽ വരാനാകും. കഴിഞ്ഞ ദിവസമായിരുന്നു ഇത് പ്രഖ്യാപിച്ചത്. ഇതിന് പിറകെയാണ് ഇപ്പോൾ പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്കും വിസ അനുവദിക്കുമെന്ന പ്രഖ്യാപനം. കുടുംബാംഗങ്ങൾ സൗദിയിലേക്ക് വരുമ്പോൾ കൂടെ ഗൾഫിൽ വിസയുള്ള പ്രവാസി നിർബന്ധമാണ്.
കുടുംബാംഗങ്ങൾക്ക് വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പ് താമസ രേഖയോ സ്ഥിരം വിസയോ ഉള്ള പ്രവാസി സ്വന്തം വിസക്ക് സൗദി ടൂറിസം മന്ത്രാലയ വെബ്സൈറ്റിൽ അപേക്ഷ നൽകണം. പിന്നീടാണ് ബന്ധുക്കളുടെ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൻ്റെ പാസ്പോർട്ടിന് ആറ് മാസത്തേയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധിയില്ലെങ്കിൽ വിസ ലഭിക്കില്ല. 300 റിയാലാണ് വിസ ഫീസ്. ഇതോടൊപ്പം ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്.
30 ദിവസം സൌദിയിൽ തങ്ങാൻ അനുവാദം നൽകുന്ന സിങ്കിൾ എൻട്രി വിസ, 90 ദിവസം വരെ തങ്ങാൻ അനുവദിക്കുന്ന ഒരുവർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസ എന്നിങ്ങിനെ രണ്ട് തരം ടൂറിസ്റ്റ് വിസകളാണ് അനുവദിക്കുക. നാട്ടിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് സന്ദർശ വിസയിലെത്തുന്നവർക്കും ഇതോടെ സൗദിയിലേക്കുള്ള യാത്ര എളുപ്പമാകും. നാട്ടിൽ നിന്ന് നേരിട്ട് വരാനും ഇതുവഴി സാധിക്കും. ഏതു സാഹചര്യത്തിലും ജിസിസിൽ സ്ഥിര വിസയുള്ള ബന്ധു കൂടെയുണ്ടായിരിക്കണം.