സന്ദർശന വിസക്കാർ റിട്ടേൺ ടിക്കറ്റും എടുക്കണം; മുന്നറിയിപ്പുമായി ഗൾഫ് എയർ
|ഇരുടിക്കറ്റും എടുക്കാത്ത സന്ദർശകവിസക്കാർക്ക് ബോഡിങ് അനുവദിക്കില്ലെന്നും കമ്പനി വ്യക്തമാക്കി
ജിദ്ദ: സൗദിയിലേക്കുൾപ്പെടെ സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ റിട്ടേൺ ടിക്കറ്റും എടുക്കണമെന്ന് ഗൾഫ് എയർ മുന്നറിയിപ്പ് നൽകി. ഇരുടിക്കറ്റും എടുക്കാത്ത സന്ദർശകവിസക്കാർക്ക് ബോഡിങ് അനുവദിക്കില്ല. പുതിയ ഉത്തരവോടെ ഗൾഫ് എയറിൽ യാത്ര ചെയ്യുന്നവർ രണ്ട് ടിക്കറ്റും അവരിൽ നിന്ന് തന്നെ എടുക്കേണ്ടി വരും.
ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യമറിയിച്ചത്. ഏത് ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശന വിസയിൽ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും. രണ്ട് വ്യത്യസ്ഥ വിമാന കമ്പനികളുടെ ടിക്കറ്റുകൾ എടുക്കുന്ന സന്ദർശക വിസക്കാർക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗൾഫ് എയറിന്റെ അറിയിപ്പ്.
വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകൾ പരിശോധിച്ച ശേഷമാണ് സന്ദർശക വിസക്കാർ ടിക്കറ്റെടുക്കുന്നത്. അതാകട്ടെ സന്ദർശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും. വിസ കാലാവധി അവാനിക്കാറാകുമ്പോൾ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് തൊട്ടു മുമ്പാണ് കൂടുതൽ പേരും ടിക്കെറ്റെടുക്കാറുള്ളത്. അതേ സമയം മറ്റു വിമാന കമ്പനികളൊന്നും ഇത് വരെ ഇത്തരം വ്യവസ്ഥകൾ മുന്നോട്ട് വെച്ചിട്ടില്ല.