സിറിയൻ പ്രസിഡന്റിന് സൗദിയിൽ ഊഷ്മള സ്വീകരണം; പ്രതിസന്ധികൾ അവസാനിപ്പിക്കാൻ പുതിയ തുടക്കമെന്ന് അസദ്
|അറബ് ലീഗിലേക്ക് തിരിച്ചെത്തിയ സിറിയയുടെ പ്രസിഡന്റിനെ സൗദി കിരീടാവകാശി ആലിംഗനം ചെയ്തു.
ജിദ്ദ: സിറിയൻ പ്രസിഡന്റ് ബശാറുൽ അസദിന് അറബ് ഉച്ചകോടിയിൽ ലഭിച്ചത് ഊഷ്മള സ്വീകരണം. പത്ത് വർഷത്തിലേറെയായി ഒറ്റപ്പെട്ടു നിന്ന അസദിനെ കെട്ടിപ്പിടിച്ചാണ് കിരീടാവകാശി സ്വീകരിച്ചത്. സൗദിയുമായുള്ള പുതിയ തുടക്കം സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സഹായിക്കുമെന്ന് അസദ് പറഞ്ഞു. പ്രതിസന്ധികളവസാനിപ്പിക്കാൻ പുതിയ നീക്കം സഹായിക്കുമെന്ന് സൗദി കിരീടാവകാശിയും വ്യക്തമാക്കി.
ഇറാനുമായും റഷ്യയുമായും മികച്ച ബന്ധമുള്ള സിറിയ കൂടി അറബ് ലീഗിലേക്ക് തിരിച്ചെത്തിയതോടെ കൂടുതൽ ഐക്യം മേഖലയിൽ സാധ്യമാക്കുകയാണ് സൗദി അറേബ്യ. അറബ് ലീഗിലേക്ക് തിരിച്ചെത്തിയ സിറിയയുടെ പ്രസിഡന്റിനെ സൗദി കിരീടാവകാശി ആലിംഗനം ചെയ്തു.
350,000-ത്തിലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ആഭ്യന്തരയുദ്ധത്തിന് പിന്നാലെയാണ് സിറിയയെ അറബ് ലീഗിൽ നിന്നും പുറത്താക്കിയത്. സിറിയയുടെ അറബ് ലീഗിലേക്കുള്ള തിരിച്ചുവരവ് അതിന്റെ പ്രതിസന്ധിയുടെ അവസാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിരീടാവകാശി മുഹമ്മദ് രാജകുമാരൻ പറഞ്ഞു.
ഐക്യം സാധ്യമാക്കിയ സൗദിക്ക്, 10 വർഷത്തിന് ശേഷം സൗദിയിലെത്തിയ സിറിയൻ പ്രസിഡന്റ് നന്ദി പറഞ്ഞു. ഭാവി ലോകം അറബ് ലോകത്തിന്റേതാണ്- സിറിയൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഒപ്പം സിറിയൻ വിമതരെ പിന്തുണച്ച തുർക്കിയേയും അദ്ദേഹം വിമർശിച്ചു.
സയണിസത്തെ ഒന്നിച്ച് പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. തങ്ങളുടെ പ്രദേശം സംഘർഷങ്ങളുടെ മേഖലയായി മാറാൻ ഇനി സൗദി അറേബ്യ അനുവദിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സിറിയയുടെ രംഗ പ്രവേശത്തോടെ അറബ് മേഖലയിൽ ഐക്യം സാധ്യമാവുകയാണ്.